31 October, 2019 08:44:16 PM


കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി: അധിക സ്വർണം വെളിപ്പെടുത്താം; പദ്ധതിയുമായി സർക്കാർ



ദില്ലി: കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കാനും കണക്കിൽപ്പെടാത്ത സ്വർണം സൂക്ഷിക്കുന്നവർക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. നിശ്ചിത അളവിൽ കൂടുതൽ സ്വർണം സൂക്ഷിച്ചിരിക്കുന്നവർക്ക് നികുതിയടച്ച് നടപടികളിൽ നിന്ന് ഒഴിവാകാമെന്നാണ് സർക്കാർ വാഗ്ദാനം. പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വർണത്തിനു മുകളിൽ വൻതുക പിഴ ചുമത്തും.


വിവാഹിതകളായ സ്ത്രീകൾക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ പരിധിയിൽ ഇളവു നൽകും. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേർന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ സ്വർണം സൂക്ഷിക്കുന്നവർ മാത്രം വെളിപ്പെടുത്തിയാൽ മതിയാകും. സ്വർണത്തിന്റെ മൂല്യം സർക്കാർ ഉടൻ കണക്കാക്കില്ല. മൂല്യം കണക്കാക്കാൻ സർക്കാർ ആളിനെ നിയോഗിക്കും.


പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. സ്വയം വെളിപ്പെടുത്താനുള്ള കാലാവധി അവസാനിച്ചതിനു ശേഷം കണ്ടുകെട്ടുന്ന സ്വർണത്തിന് വലിയ പിഴ ഈടാക്കുമെന്നതിനാൽ കൂടുതൽ ആളുകൾ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ഇതുവഴി സർക്കാരിന്‍റെ നികുതിവരുമാനം വർധിപ്പിക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K