04 November, 2019 12:00:12 PM


ജനകീയാസൂത്രണ പദ്ധതി: ചിതറ ഗ്രാമ പഞ്ചായത്തിൽ അനർഹർക്കും പണമനുവദിച്ചതായി ആരോപണം



കൊല്ലം: ചിതറ ഗ്രാമ പഞ്ചായത്തിൽ വിവിധ ജനകീയാസൂത്രണ പദ്ധതികളിൽ അനര്‍ഹരായവര്‍ക്കും തുക അനുവദിച്ചതായി പരാതി. ഗൃഹനിർമ്മാണം, വീടിന്‍റെ അറ്റകുറ്റപ്പണി, ശൗചാലയ നിർമ്മാണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് പണമനുവദിച്ചത് കൂടുതലും നിർദ്ധനരായ അർഹരെ അവഗണിച്ച് രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ തലത്തിലെ അടുപ്പവും പരിഗണിച്ചാണെന്നാണ് ആരോപണം.


ഒരേ വാർഡിൽ കാലപ്പഴക്കം കൊണ്ടും പ്രകൃതി ക്ഷോഭം മൂലവും ജീർണ്ണിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തിലുള്ള വീടുകളുള്ളപ്പോൾ ഗൾഫ് വരുമാനവും ജോലിക്കു പോയി സ്ഥിര വരുമാനവും ഉള്ള രണ്ടും അതിലധികവും പേരുള്ള കുടുംബത്തിന് സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തതായിട്ടാണ് ആക്ഷേപമുയർന്നിട്ടുള്ളത്. ചിതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഇതേ കുറിച്ചു വിശദീകരണമാരാഞ്ഞപ്പോൾ ആരോപണം നിഷേധിക്കാൻ തയ്യാറാകാതെ, ഫണ്ട് അനുവദിച്ചു എന്നല്ലാതെ ഉപഭോക്താക്കൾക്ക് പണം കൈ മാറിയിട്ടില്ലെന്നും പരാതികൾ ഗൗരവമായി പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും അറിയിച്ചു.


സ്ത്രീകൾ ഉള്‍പ്പെടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ സർക്കാരിൽ നിന്നും ലഭ്യമാകേണ്ട സൗജന്യ പദ്ധതികൾക്ക് തികച്ചും അർഹരായിരിക്കെ ചില കേന്ദ്രങ്ങളിലെ സ്വാധീനമുപയോഗിച്ച് അനർഹർ പിച്ചച്ചട്ടിയിൽ നിന്നു കൈയിട്ടു വാരുന്നത് പ്രശ്നത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ചില വാർഡു മെമ്പർമാരുടെ അനധികൃത ഇടപെടലുകൾ ഇല്ലാതെ ഇത്തരം ഗൗരവമേറിയ തിരിമറികൾ സാദ്ധ്യമാകില്ലെന്നിരിക്കെ, ജില്ലാ കളക്ടർക്കും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കും മുഖ്യമന്ത്രിക്കുമടക്കം ഉന്നത കേന്ദ്രങ്ങൾക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചതായി  വിവരാവകാശ പ്രവർത്തകനായ സുരേഷ് കുമാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K