04 November, 2019 10:34:16 PM


ദളിത് വിദ്യാർത്ഥിനികളോട്‌ അതിക്രമം: കേസിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്




കോട്ടയം: ഏറ്റുമാനൂരിലെ സ്‌കൂളില്‍ ദളിത് വിദ്യാർഥിനികളോട് അധ്യാപകൻ അപമര്യാദയായി പ്രവർത്തിച്ച കേസിൽ പോലീസ് ഒത്തുകളിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. മജിസ്‌ട്രേറ്റ് നേരിട്ടെത്തി വിദ്യാർത്ഥിനികളിൽ നിന്ന് മൊഴിയെടുത്തു പോക്സോ ചുമത്തിയ കേസിൽ പോലും പോലീസ് കുറ്റക്കാരനെ അറസ്റ്റു ചെയ്യാൻ മുതിരുന്നില്ല. വാളയാർ സംഭവം ആവർത്തിക്കുകയാണ് പോലീസ്. പോലീസ് അനാസ്ഥ തുടരുകയാണ് എങ്കിൽ ഫ്രറ്റേണിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


ആഴ്ചകൾക്ക് മുൻപ് നടന്ന സംഭവത്തിൽ കുട്ടികൾ പരാതിപ്പെട്ടിട്ടും സംഭവം മറച്ചുവെച്ചു ഒത്തുകളിച്ച പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർക്കെതിരെയും നടപടിയെടുക്കേണ്ടതുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്‍റ് അർച്ചന പ്രജിത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ സെക്രട്ടറിമാരായ വിരേഷ്മ, യാസീൻ, ഫിദാ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് അടങ്ങുന്ന സംഘം സംഭവം നടന്ന സ്‌കൂളിൽ സന്ദർശനം നടത്തിയിരുന്നു.


അതേസമയം, സംഭവത്തിൽ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ സ്കൂളിൽ എത്തി കുട്ടികളുടെ മൊഴിയെടുത്തു. കുറ്റാരോപിതനായ അധ്യാപകൻ ഒക്ടോബർ 31 മുതൽ അവധിയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K