14 November, 2019 11:53:12 AM


ശബരിമല വിധി: കയറണമെന്ന് പറഞ്ഞ് യുവതികള്‍ വന്നാല്‍ സര്‍ക്കാര്‍ തടയണം - കുമ്മനം രാജശേഖരന്‍



തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് യുവതികള്‍ വന്നാല്‍ അവരെ സര്‍ക്കാര്‍ തടയണമെന്ന് കുമ്മനം രാജശേഖരന്‍. അവരോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഈ വിഷയം സംബന്ധിച്ച്‌ അന്തിമ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല. സുപ്രീം കോടതി അന്തിമ വിധി കൈക്കൊള്ളുന്നിടത്തോളം കാലം  ഹൈക്കോടതി വിധി ഉള്‍പ്പെടെ പല വിധികളും നിലവിലുണ്ടല്ലോ എന്നാണ് കുമ്മനം പ്രതികരിച്ചത്.


ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിടുകയാണെന്ന വിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിടുകയയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രാവിലെ 10.44ന് വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി.


ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജന്‍ ഗോഗയി പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജ. ഇന്ദു മല്‍ഹോത്ര, ജ. ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാല്‍ രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹര്‍ജികള്‍ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. അതേസമയം, എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്‌റ്റേ ഇല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K