14 November, 2019 12:23:18 PM


ഇനിയും മല ചവിട്ടുമെന്ന് കനകദുര്‍ഗ;​ യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്ന് ബിന്ദു അമ്മിണി



കോഴിക്കോട്: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി നടപടിയില്‍ നിരാശയില്ലെന്ന് കഴിഞ്ഞ വര്‍ഷം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ പ്രതികരിച്ചു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ ഇനിയും ദര്‍ശനത്തിനെത്തുമെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം,​ മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് കനക ദുര്‍ഗയ്ക്കൊപ്പം മല ചവിട്ടിയ ബിന്ദു അമ്മിണി പ്രതികരിച്ചു.


യുവതീ പ്രവേശന വിധിയ്ക്ക് ശേഷം ശബരിമല ക്ഷേത്രദര്‍ശനം നടത്തിയ യുവതികളാണ് ബിന്ദുവും കനക ദുര്‍ഗയും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ കനകദുര്‍ഗയും കോഴിക്കോട് എടക്കുളം സ്വദേശിനിയായ കോളജ് അദ്ധ്യാപികയും നിയമ ബിരുദധാരിയുമായ ബിന്ദുവും 2018 ഡിസംബര്‍ 24ന് ആദ്യശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച്‌ പൊലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവര്‍ നിരാഹാരം തുടങ്ങിയെങ്കിലും ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും സമരം അവസാനിപ്പിച്ചു. പിന്നീട് 2019 ജനുവരി രണ്ടാം തീയതി പുലര്‍ച്ചെ ഇവര്‍ ശബരിമല ദര്‍ശനം നടത്തി. പതിനെട്ടാംപടി കയറാതെ വി.ഐ.പി വഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ അയ്യപ്പദര്‍ശനം നടത്തുകയായിരുന്നു ഇരുവരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K