14 November, 2019 08:49:38 PM


മണ്ഡല - മകരവിളക്ക് ഉത്സവം: ശബരിമലയിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി പോലീസ്



തിരുവനന്തപുരം: ഇക്കൊല്ലത്തെ ശബരിമല മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും.


തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍ അജിത്കുമാര്‍, ദക്ഷിണമേഖലാ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ ജോയിന്‍റ് ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍മാരാണ്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാര്‍, സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ് കോര്‍ഡിനേറ്റര്‍മാര്‍.


സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായും എരുമേലിയില്‍ നാലു ഘട്ടമായും തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യു പമ്പയിലും തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശനന്‍ നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.


നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എ.ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്‍റ് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി എന്‍.അബ്ദുള്‍ റഷീദ് നിലയ്ക്കലും തൃശൂര്‍ സിറ്റി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എം.സി ദേവസ്യ എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.ഇളങ്കോയും എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി എം.ഇക്ബാലും ആയിരിക്കും പോലീസ് കണ്‍ട്രോളര്‍മാര്‍.


ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍  പോലീസ് ആസ്ഥാനത്തെ എ.ഐ.ജി എസ്.സുജിത്ത് ദാസ്, എസ്.എ.പി കമാണ്ടന്‍റ് കെ.എസ്.വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി എച്ച്.മഞ്ജുനാഥ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരാകും. പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.അജിത്ത്, ആലപ്പുഴ അഡീഷണല്‍ എസ്.പി ബി.കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും.  ജനുവരി 16 മുതല്‍ 22 വരെയുള്ള ഓക്‌സിലിയറി ഘട്ടത്തില്‍ പി.ടി.സി പ്രിന്‍സിപ്പല്‍ ബി.വിജയന്‍ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്‍ പമ്പയിലും ദക്ഷിണമേഖലാ ട്രാഫിക് എസ്.പി കെ.എല്‍ ജോണ്‍കുട്ടി നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. 


ഈ മണ്ഡലകാലത്ത് വിവിധ ഘട്ടങ്ങളിലായി വിവേക് കുമാര്‍, ആര്‍.വിശ്വനാഥ്, ആര്‍.ആനന്ദ്, അരവിന്ദ് സുകുമാര്‍, ഡി.ശില്‍പ്പ, വൈഭവ് സക്‌സേന, അങ്കിത് അശോകന്‍, ഹേമലത, ഐശ്വര്യ ദോന്‍ഗ്രെ എന്നീ എ.എസ്.പിമാരെ അഡീഷണല്‍ പോലീസ് കണ്‍ട്രോളര്‍മാരായും നിയോഗിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K