15 November, 2019 09:07:18 AM


വെട്ടിത്തറ പള്ളിയില്‍ സംഘര്‍ഷം; ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ദേവാലയത്തിന് മുന്നില്‍ യാക്കോബായ വിഭാഗം തടഞ്ഞു




കൊച്ചി: രൂക്ഷമായ പള്ളിത്തര്‍ക്കം നില നില്‍ക്കുന്ന എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘർഷം. ഇന്ന് രാവിലെ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. തുടര്‍ന്ന് പോലീസുമായി ചര്‍ച്ച നടത്തി ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി.


രാവിലെ ഏഴുമണിയോടെ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ പുരോഹിതരെയും വിശ്വാസികളെയും പള്ളിക്കുള്ളില്‍ നിന്നും മുദ്രാവാക്യം വിളികളോടെയാണ് യാക്കോബായക്കാര്‍ പള്ളിക്ക് മുന്നില്‍ തടഞ്ഞത്. പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ  സംഘർഷമായി. തങ്ങളെ തടഞ്ഞവര്‍ക്കെതിരേ കേസെടുക്കാമെന്ന് പോലീസിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ എട്ടരയോടെ ഇവർ മടങ്ങുകയായിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം എത്തുന്നത് നേരത്തേ തിരിച്ചറിഞ്ഞ് കൊടികളും മറ്റുമായി അനേകം വിശ്വാസികളാണ് പള്ളിയുടെ മതിലിനുള്ളില്‍ തമ്പടിച്ചിരുന്നത്.


പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പുറത്ത് കാത്തു നിന്നു. വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് സന്നാഹവും രാവിലെ തന്നെ പള്ളിക്ക് മുന്നില്‍ എത്തിയിരുന്നു. അതേസമയം സംഘര്‍ഷത്തിലൂടെ പള്ളിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാട് ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്തത് മൂലം പ്രശ്നങ്ങൾ രൂക്ഷമായില്ല. നിലവില്‍ യാക്കോബായ വിഭാഗത്തിന് ഭുരിപക്ഷമുള്ള പള്ളിയില്‍ 210 കുടുംബങ്ങളാണ് ആരാധനാ കാര്യങ്ങള്‍ നടത്തുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് 15 ല്‍ താഴെ മാത്രമേ കുടുംബങ്ങള്‍ ഉള്ളൂ. പ്രവേശനം സാധ്യമാകാതെ വന്നാല്‍ കോടതിയലക്ഷ്യം ബോദ്ധ്യപ്പെടുത്താനാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K