15 November, 2019 01:29:19 PM


ശബരിമലയിൽ യുവതീപ്രവേശനം തത്കാലം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം



തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതീപ്രവേശനം തത്കാലം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിർദ്ദേശം സർക്കാരിന് നൽകിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തിൽ അന്തിമ വിധി വരുന്നതു വരെ മുൻപുണ്ടായിരുന്ന പോലുള്ള ആചാരങ്ങൾ തുടരട്ടെയെന്നാണ് ജയദീപ് ഗുപ്ത സർക്കാരിനോട് നിർദ്ദേശിച്ചത്. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാതെയാണ് വിഷയം വിശാല ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിട്ടത്. ഇതിന് പിന്നാലെ നിരവധി യുവതികൾ സർക്കാരിന്‍റെ വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്താണ് സർക്കാർ സുപ്രീംകോടതി വിധിയിൽ വ്യക്തത തേടുന്നത്. യുവതികൾ ദർശനത്തിനെത്തിയാൽ എന്ത് ചെയ്യണമെന്ന ചിന്തയും സർക്കാരിനെ അലട്ടുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K