19 November, 2019 11:05:07 AM


പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; പക്ഷെ പാര്‍ക്കിംഗില്ല



കൊച്ചി : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാകുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പമ്പയില്‍ ഇറങ്ങാനാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


ഇതുവരെ സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ ഇറങ്ങി കെഎസ്‌ആര്‍ടിസി ബസില്‍ കയറിയാണ് പമ്പയിലേക്ക് പോകേണ്ടിയിരുന്നത്. ഇതിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ പമ്പയില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭക്തരെ ഇറക്കിയ ശേഷം സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലേക്ക് പോകണം. ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുന്ന ഭക്തര്‍ക്ക് സ്വകാര്യം വാഹനം പമ്പയിലേക്ക് വരുത്തി മടങ്ങി പോകാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ അതിനനുസരിച്ചുള്ള ക്രമീകരണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


നിലവില്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ പുതിയ നിലപാടിനെ കെഎസ്‌ആര്‍ടിസി എതിര്‍ത്തേക്കും. ഇപ്പോള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നതോടെ തങ്ങളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാകും എന്നതാണ് കെഎസ്‌ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K