20 November, 2019 11:07:18 AM


പോലീസ് മര്‍ദ്ദനം: ഷാഫി പറമ്പിലിന്‍റെ ചോര പുരണ്ട വസ്ത്രവുമായി സഭയില്‍ പ്രതിപക്ഷ പ്രതിഷേധം



തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുളളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ദാനത്തിന് എതിരെ കെസ്യു നടത്തിയ സമരത്തിനിടെയാണ് ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റത്. ഷാഫി പറമ്ബിലിന്റെ ചോര പുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായ പിണറായി വിജയന്‍ ചോര പുരണ്ട വസ്ത്രവുമായി സഭയിലെത്തിയതിനെ ഓര്‍മ്മിപ്പിച്ച്‌ കൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം.


'പോലീസ് വേട്ട അവസാനിപ്പിക്കണം' എന്നെഴുതിയ ബാനറും ഷാഫി പറമ്ബില്‍ പരിക്കേറ്റ് കിടക്കുന്ന ചിത്രങ്ങളുടെ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. ചോദ്യോത്തര വേള നിര്‍ത്തി വെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണെമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തി വെക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എംഎല്‍എയ്ക്ക് മര്‍ദ്ദനമേററ സംഭവത്തില്‍ അടിയന്തര പ്രമേയത്തിനുളള നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികള്‍ക്കിടെയാണ് സഭയില്‍ ചോദ്യോത്തര വേള നടന്നത്.


എംഎല്‍എ അടക്കമുളളവര്‍ക്കെതിരെ പോലീസ് നരനായാട്ടാണ് തിരുവനന്തപുരത്ത് നടത്തിയത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയുടെ കൈ വിരല്‍ കടിച്ച്‌ മുറിച്ചുവെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഷാഫി പറമ്ബിലിനെ കൂടാതെ കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്. വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഷീദ് അടക്കമുളളവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഷാഫി പറമ്ബിലിനെയും വിദ്യാര്‍ത്ഥിനേതാക്കന്മാരെയും മര്‍ദ്ദിച്ച പോലീസുദ്ദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K