21 November, 2019 09:24:47 PM


ബന്ധുവിന്‍റെ വിവാഹത്തിനെത്തി മടങ്ങിയ യുവ സൈനികന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു




കൊച്ചി: ബന്ധുവിന്‍റെ വിവാഹത്തിനായി കൊല്ലത്തെത്തി മടങ്ങുകയായിരുന്ന യുവസൈനികന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് കൊല്ലം പടിഞ്ഞാറെ കല്ലട കോയിക്കല്‍ പെരുവേലിക്കര കരിങ്ങോട്ട് തെക്കതില്‍ വിഷ്ണു (26) ആണ് മരിച്ചത്. എറണാകുളത്തു നിന്ന് പ്രതിവാര എക്‌സ്പ്രസ് ട്രെയിനില്‍ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ബുധനാഴ്ച രാത്രി വഞ്ചിനാട് എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയതാണ് വിഷ്ണു.



പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. പ്ലാറ്റ്‌ഫോമിലിരുന്നു ഉറങ്ങിപ്പോയ വിഷ്ണു ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ നിസാമുദ്ദീന്‍ - തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിനിടെ പെട്ടെന്ന് ഉണരുകയും പ്രതിവാര എക്‌സ്പ്രസാണെന്നു തെറ്റിദ്ധരിച്ചു ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പാളത്തിലേക്ക് വീഴുകയുമായിരുന്നു. ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 



ജോലിസ്ഥലമായ ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ എന്നു കരുതി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ ചാടി കയറുന്നതിന് ഇടയിലാണ് വിഷ്ണു ട്രെയിനില്‍ നിന്നും വീണത്. കരസേനയുടെ റാഞ്ചിയിലെ ഇഎംഇ ( ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ്) വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിഷ്ണു അമ്മാവന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 10നായിരുന്നു വിവാഹം. ഭാര്യ: ഐശ്വര്യ. പിതാവ്: രഘു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K