22 November, 2019 07:02:42 PM


തീര്‍ത്ഥയാത്ര ദുരിതയാത്രയായി; അപകടത്തിന്‍റെ ഷോക്കില്‍ നിന്നും മുക്തരാകാതെ ഉണ്ണികൃഷ്ണനും സജീവനും




ഏറ്റുമാനൂര്‍: 'മിന്നായം പോലെയാണ് ഒരു ബസ് തങ്ങളുടെ വാഹനത്തില്‍ വന്നിടിച്ചത. പിന്നെ കാണുന്നത് ഞങ്ങള്‍ രണ്ട് വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നതാണ്. ഓടി കൂടിയ നാട്ടുകാര്‍ ഒരു വിധം കുറെ പേരെ വെളിയില്‍ എത്തിച്ചു. അപ്പോഴും പുറത്തിറങ്ങാനാവാതെ ഡ്രൈവറും തൊട്ടുപിന്നിലെ സീറ്റില്‍ ഇരുന്ന സ്വാമിയും രക്തമൊലിപ്പിച്ച് കിടക്കുകയായിരുന്നു.' ഏറ്റുമാനൂരില്‍ വിമലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച നടന്ന അപകടം വിവരിക്കുകയായിരുന്നു ശബരിമലയ്ക്ക് പോയി മടങ്ങുകയായിരുന്ന സുല്‍ത്താന്‍ ബത്തേരി വടക്കനാട് ഉണ്ണികൃഷ്ണന്‍ (59).


ബുധനാഴ്ചയാണ് 15 പേരടങ്ങുന്ന സംഘം സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും ശബരിമലയ്ക്ക് യാത്ര തിരിച്ചത്. സംഘത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയ്ക്ക് മലയിറങ്ങിയ സംഘം പന്തളത്തെത്തി കൊട്ടാരവും കണ്ട് ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. അപകടത്തില്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ട ഉണ്ണികൃഷ്ണനും കാരച്ചാല്‍ സജീവനും കൂടിയാണ് സഹയാത്രകരുടെ കെട്ടുകളും മറ്റും നാട്ടുകാരോടൊപ്പം വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. 


അപകടത്തിന്റെ ഷോക്കില്‍ നിന്നും മുക്തനാവാതെ വഴിയരികില്‍ കൂട്ടിയിട്ട മലപ്രസാദങ്ങള്‍ അടങ്ങിയ കെട്ടുകള്‍ക്കും ബാഗുകള്‍ക്കും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും മറ്റ് സാമഗ്രികള്‍ക്കും മുന്നില്‍ ഇനിയെന്ത് എന്ന ചിന്തയുമായി നിന്ന ഉണ്ണികൃഷ്ണനെ വിറയ്ക്കുകയായിരുന്നു. ഇതിനിടെ പോലീസും നാട്ടുകാരും ചേര്‍ന്ന് കുടിവെള്ളം നല്‍കിയത് ഇദ്ദേഹത്തിന് അല്‍പം ആശ്വാസമേകി. 


ഇതിനിടെ നഗരസഭാ കൌണ്‍സിലര്‍ അനീഷ് വി നാഥും ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ജെ.തോമസും ഇവര്‍ക്ക് സഹായങ്ങള്‍ ഒരുക്കാന്‍ രംഗത്തെത്തി. വണ്ടിയില്‍ നിന്നെടുത്ത സാമഗ്രികള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സൂക്ഷിക്കാമെന്ന് പറഞ്ഞുവെങ്കിലും പോലീസ് സമ്മതിച്ചില്ല. വാഹനം ക്രയിന്‍ ഉപയോഗിച്ച് കൊണ്ടുപോയ പിന്നാലെ ഇവ എറ്റുമാനൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.


അപകടം പതിയിരിക്കുന്ന തുമ്പശ്ശേരി വളവ്


ഏറ്റുമാനൂര്‍: ചുരുങ്ങിയ കാലത്തിനുള്ളില്‍ എം.സി.റോഡിലെ തുമ്പശ്ശേരി വളവില്‍ ഉണ്ടായ അപകടങ്ങള്‍ അനവധി. ഒരാഴ്ച മുമ്പാണ് ഇതേ സ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചത്. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങള്‍ ചീറിപ്പായുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഒട്ടേറെ അപകടങ്ങള്‍ക്ക് വഴി വെച്ചിട്ടും ഈ പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K