22 November, 2019 07:44:06 PM


സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ച ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു




മാവേലിക്കര: സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ചു വീണ ബാറ്റ് തലയില്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥി നവനീതാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മറ്റു കുട്ടികള്‍ കളിക്കുന്നതിനിടെ തെറിച്ചുപോയ തടി കൊണ്ടുള്ള ബാറ്റ് നവനീതിന്‍റെ തലയില്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവനീത് കുഴഞ്ഞുവീഴുകയും അല്‍പസമയത്തിനു ശേഷം മരണമടയുകയുമായിരുന്നു.


പേപ്പര്‍ പന്ത് ചുരുട്ടി ക്ലാസില്‍ പൊളിഞ്ഞു കിടന്ന ഒരു ഡസ്‌കിന്‍റെ കഷ്ണം പൊട്ടിച്ചെടുത്ത് കളിക്കുകയായിരുന്നു മരിച്ച നവനീതിന്‍റെ സഹപാഠികള്‍. ഇതിനിടെ മരക്കഷ്ണം കുട്ടികളില്‍ നിന്ന് തെറിച്ച് കുട്ടിയുടെ തലയില്‍ തട്ടുകയായിരുന്നു. ഭക്ഷണപ്പാത്രവും കൊണ്ട് പുറത്തിറങ്ങിയ നവനീത് കൈ കഴുകുന്ന പൈപ്പിനടുത്താണ് കുഴഞ്ഞു വീണതെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതുകണ്ട സഹപാഠികളായ രണ്ട് കുട്ടികള്‍ ഓടിയെത്തി അധ്യാപകരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരും പിടിഎ അധികൃതരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K