23 November, 2019 12:22:53 AM


കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും... ; ഉദ്ഘാടത്തിനെത്തിയ മന്ത്രി ഗായകനായി

- നൗഷാദ് വെംബ്ലി



കാഞ്ഞിരപ്പളളി: ഉദ്ഘാടത്തിനെത്തിയ മന്ത്രി സദസ്സിനെ കീഴടക്കി ഗായകനായി. കോട്ടയം ജില്ലാ പഞ്ചായത്ത് കേരളോല്‍സവത്തിനെത്തിയ മന്ത്രി കടന്നപ്പളളി രാമചന്ദ്രനാണ് അധ്യക്ഷന്‍റെ അഭിപ്രായം മാനിച്ചു ഗായകനായത്. അധ്യക്ഷ പ്രസംഗകനായ കാഞ്ഞിരപ്പളളി എം.എല്‍.എ ഡോ.എന്‍.ജയരാജാണ് തന്‍റെ പ്രസംഗത്തില്‍ മന്ത്രിയെന്ന ഗായകന്‍റെ കാര്യം പറഞ്ഞത്. ഉദ്ഘാടനത്തിനു ശേഷം മന്ത്രി ഗാനം ആലപിക്കുമെന്നും എം.എല്‍.എ.പറഞ്ഞു. പിന്നീട് ഉദ്ഘാടന പ്രസംഗം നടത്തിയ മന്ത്രി ശേഷം പാട്ട് പാടാമെന്നു അറിയിക്കുകയായിരുന്നു.


കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ട് നിസ്‌കരിച്ചാലും... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചപ്പോള്‍ സദസ്സ് നിശ്ചലമായി. സുരേഷ് മച്ചാട് സംവിധാനം നിര്‍വ്വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ  മൌനം എന്ന ചിത്രത്തിനുവേണ്ടി എം.ഡി രാജേന്ദ്രന്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച് കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണ് മന്ത്രി പാടിയത്. ഒടുവില്‍ സദസ്സിന്‍റെ കൈയ്യടി വാങ്ങി ആളുകള്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്താണ് മന്ത്രി മടങ്ങി പോയത്. മന്ത്രി ആലപിച്ച ഗാനത്തിന്‍റെ പൂര്‍ണരൂപം ചുവടെ.


കുറി വരച്ചാലും കുരിശു വരച്ചാലും

കുമ്പിട്ട് നിസ്കരിച്ചാലും
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്
ദൈവമൊന്ന് ദൈവമൊന്ന്
(കുറി വരച്ചാലും..)


പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ
രക്തപങ്കിലമാക്കരുതേ (2)
വിന്ധ്യഹിമാചല സഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ
വർഗ്ഗീയ വിത്തു വിതയ്ക്കരുതേ
(കുറി വരച്ചാലും..)


ഗീതയും ബൈബിളും വിശുദ്ധ ഖുറാനും ഭാരതഹൃദയമല്ലോ
അദ്വൈത ഭാരതഹൃദയമല്ലോ
സിന്ധുവും ഗംഗയും വൈഗയും നിളയും
ഇൻഡ്യ തൻ അക്ഷയനിധികൾ
എന്നെന്നും ഇൻഡ്യ തൻ ഐശ്വര്യഖനികൾ
(കുറി വരച്ചാലും..)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K