24 November, 2019 11:07:02 PM


തിരുവനന്തപുരം ട്രാവന്‍കൂര്‍ മാളിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ ട്രയല്‍ റൂമില്‍ ജീവനക്കാരന്‍ ജീവനൊടുക്കി



തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനായ വിഷ്ണുവിനെ സ്ഥാപനത്തിനുള്ളിലെ ട്രെയല്‍ റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. എട്ട് മണിക്ക് ശേഷമാണ് യുവാവിന്‍റെ മൃതദേഹം കണ്ടത്. 


വിസ്മയയിലെ തന്നെ മറ്റൊരു ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. വിഷ്ണു തൂങ്ങി നില്‍ക്കുന്നത് കണ്ട് അലറിവിളിച്ച ഇവര്‍ മറ്റു സ്ഥാപനങ്ങളില്‍ ഉള്ളവരെ വിവരം അറിയിക്കുകയും ഇവര്‍ പൊലീസില്‍ സംഭവം റിപ്പോര്‍ട്ടു ചെയ്യുകയുമായിരുന്നു. വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവം നടക്കുമ്പോള്‍ ഇവര്‍ രണ്ട് പേര്‍ മാത്രമേ ജീവനക്കാരായി ഇവിടെ ഉണ്ടായരുന്നുള്ളു എന്നും അറിയുന്നു.


ഞായറാഴ്‌ച്ച ആയതിനാല്‍ വലിയ ജനക്കൂട്ടം തന്നെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിയിരുന്നു. തിരക്കുള്ള സമയത്ത് യുവാവ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമായിട്ടില്ല. പേട്ട സ്വദേശികളായ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. കുറച്ചു കാലം മുമ്പാണ് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വിസ്മയ വസ്ത്രസ്ഥാപനം തുടങ്ങിയത്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ യുവാവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംശയമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K