26 November, 2019 09:13:36 AM


തൃപ്തി ദേശായിയും സംഘവും കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ ; ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക്‌പൊടി സ്പ്രേ പ്രയോഗം


uploads/news/2019/11/353719/bindu-ammini.jpg


കൊച്ചി:തൃപ്തി ദേശായിക്കൊപ്പം ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്ക് നേരെ അയ്യപ്പ ധര്‍മ്മസമിതിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകുപൊടിയെറിഞ്ഞെന്ന് ബിന്ദു ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.


ശബരിമലയിലേക്ക് പോകാന്‍ തനിക്ക് സുപ്രീം കോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു പറഞ്ഞു. സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നും ബിന്ദുവിനെ പോലീസ് ഇവരെ മറ്റൊരു ഓഫീസിലേക്ക് മാറ്റി. സംരക്ഷണം ആവശ്യപ്പെട്ട് തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിലുണ്ട്. പൂനെയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് തൃപ്തിദേശായിയും മറ്റ് നാലു പേരും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.


രാവിലെ നാലരയോടെ അഞ്ചംഗ സംഘം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ സംരക്ഷണമാവശ്യപ്പെട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തുകയായിരുന്നു. പിന്നീട് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ബിന്ദുവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയും ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. നാമജപവും ശരണംവിളിയുമായിട്ടാണ് ഇവര്‍ ബിന്ദുവിനെ തടഞ്ഞത്.


ഇതിനിടെയാണ് ഒരു പ്രവര്‍ത്തകൻ മുളകുപൊടി സ്പ്രേ ഉയോഗിച്ചത്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബിന്ദുവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായിട്ടാണ് വിവരം. അതേസമയം തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസില്‍ തുടരുകയാണ്. നേരത്തേ ഇവര്‍ നിലയ്ക്കലിലേക്ക് യാത്ര തിരിച്ചതായി വിവരമുണ്ടായിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണ ആവശ്യപ്പെട്ട് സംഘം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന്റെ മുകളിലത്തെ നിലയില്‍ ഇരിക്കുന്നതായിട്ടാണ് പുതിയതായി വരുന്ന വിവരം.


അതേസമയം തൃപ്തി ദേശായിയെയും ശബരിമലയിലേക്ക വിടില്ലെന്ന നിലപാടിലാണ് സംഘപരിവാര്‍ സംഘടനകള്‍. കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തിയ ഇവര്‍ ഇവിടേയ്ക്ക് കൂടുതല്‍ ആള്‍ക്കാരെ വിളിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്. കമ്മീഷണര്‍ സ്ഥലത്ത് എത്തിയിട്ടില്ല. ഓഫീസിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. തൃപ്തി ദേശായിയ്ക്കും സംഘത്തിനും ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കണോ എന്ന കാര്യത്തില്‍ പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞതവണയും തൃപ്തിദേശായി ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും അന്ന് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനായില്ല. നവംബര്‍ 20ന് താന്‍ ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K