26 November, 2019 12:45:53 PM


ശബരിമലയിലേക്ക് സുരക്ഷ ഒരുക്കാനാകില്ല: മടങ്ങണമെന്ന് തൃപ്തി ദേശായിയോട് പോലീസ്




കൊച്ചി: ശബരിമല ദര്‍ശനത്തിന് വീണ്ടും എത്തിയിരിക്കുന്ന തൃപ്തിദേശായിയോട് സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ്. ശബരിമലയിലേക്ക് പോകാനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തിയോടും സംഘത്തോടും മടങ്ങിപ്പോകണമെന്നും കൊച്ചി പോലീസ് ആവശ്യപ്പെട്ടു. പൂനെയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് കേരളത്തില്‍ എത്തിയ തൃപ്തിദേശായി ഇപ്പോള്‍ കൊച്ചിയില്‍ സിറ്റി കമ്മീഷണര്‍ ഓഫീസിലാണ് ഉള്ളത്.


യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിധിയില്‍ അവ്യക്തത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് പൊലീസ് നല്‍കിയത്. ഇക്കാര്യം തൃപ്തി ദേശായിയേയും സംഘത്തെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷ ഇല്ലെങ്കിലും ശബരിമലയില്‍ പോകുമെന്നും കോടതിയലക്ഷ്യത്തിന് കേരളസര്‍ക്കാരിനെതിരേ ഹര്‍ജി സമര്‍പ്പിക്കുമെന്നും തൃപ്തി പറഞ്ഞു.


യുവതീ സംഘത്തിന്റെ വരവില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യവും പൊലീസ് തൃപ്തിയേയും സംഘത്തേയും അറിയിച്ചിട്ടുണ്ട്. ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യം ഉണ്ടെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് തിരിച്ച് പോകാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതിനിടയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് എഴുതി നല്‍കാനാണ് തൃപ്തി ദേശായി പോലീസിനോട് ആവശ്യപ്പെട്ടു. ആവശ്യം പോലീസ് പരിശോധിച്ച് പരിഗണിക്കും.


തൃപ്തി ദേശായിയോട് മടങ്ങണമെന്നും വിമാനത്താവളം വരെ സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. തൃപ്തി ദേശായി മടങ്ങുമെന്ന് ഉറപ്പായതോടെ ശബരിമല കര്‍മ്മസമിതിയും പ്രതിഷേധം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്. തൃപ്തി ദേശായിയും സംഘവും വന്ന വിവരം അറിഞ്ഞ് രാവിലെ മുതല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലേക്ക് ശബരിമല കര്‍​മ്മസമിതിയുടെ അനേകം പ്രതിഷേധക്കാരാണ് എത്തിയത്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തുന്നുണ്ട്.


നേരത്തേ തൃപ്തി ദേശായിക്കൊപ്പം മല കയറാന്‍ എത്തിയ ബിന്ദു അമ്മിണിക്കെതിരേ പ്രവര്‍ത്തകര്‍ മുളകുപൊടി സ്പ്രേ ചെയ്തിരുന്നു. ഇവരെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നിരുന്നു. സാഹചര്യം വിലയിരുത്താന്‍ കൊച്ചി സിറ്റി പൊലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. തൃപ്തിദേശായി എത്തിയ വിവരമറിഞ്ഞ് വിവിധ ഹിന്ദു സംഘടനകളില്‍ പെട്ട അനേകരാണ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയത്. നാമ ജപവും ശരണംവിളികളുമായി ഇവര്‍ ശക്തമായ പ്രതിഷേധം സ്‌റ്റേഷന് മുന്നില്‍ നടത്തുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K