01 December, 2019 10:42:24 PM


അനധികൃത കുടിവെള്ളവിതരണം പാടത്തെ നെല്‍കൃഷിയെ ബാധിക്കുന്നു; പ്രതിഷേധവുമായി കര്‍ഷകര്‍



ഏറ്റുമാനൂര്‍: നഗരസഭാ അതിര്‍ത്തിയിലെ അനധികൃത ജലമൂറ്റിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. പേരൂര്‍, തെള്ളകം ഭാഗങ്ങളില്‍ പാടശേഖരങ്ങളുടെ കരകളില്‍ അനിയന്ത്രിതമായി കുഴിക്കുന്ന കിണറുകള്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നത്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ അനുമതിയില്ലാതെ കിണറുകളും കുളങ്ങളും കുഴിക്കുന്നതും അനധികൃതമായി ജലവിതരണം നടത്തുന്നതും 'കൈരളി വാര്‍ത്ത' റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ജലമൂറ്റുന്നതുമൂലം നെൽകൃഷിയ്ക്ക് ആവശ്യത്തിന് ജലം ലഭിക്കാതെ വരുന്നുവെന്നും, പാടങ്ങൾ തരിശായി മാറുമെന്നും ചൂണ്ടികാട്ടി തെള്ളകം പാടശേഖര സമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൃഷി, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ക്കും പരാതി അയച്ചിട്ടുണ്ട്. 75 ഹെക്ടർ വിസ്തൃതിയുള്ള തെള്ളകം, 150 ഹെക്ടറിലുള്ള പേരൂർ പാടശേഖരങ്ങളില്‍ ഇപ്പോള്‍ അമ്പതോളം കർഷകരാണ് നെൽകൃഷിയിൽ ഏർപ്പെട്ടിട്ടുള്ളത്. പലരും കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞത് ജലലഭ്യത കുറഞ്ഞതുകൊണ്ടാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.



പാടത്തിന്‍റെ കരയിൽ സ്വകാര്യ ആശുപത്രി ഉൾപ്പെടെ കുഴിച്ചിട്ടുള്ള കിണറുകളിൽ നിന്നും അനധികൃത ജലമൂറ്റിന് ഒത്താശ ചെയ്യുന്നത് കോൺഗ്രസ് നേതാവായ ഒരു നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലുള്ള കുടിവെള്ള മാഫിയാ ആണെന്നും കർഷകർ ആരോപിക്കുന്നു. ഇതിനിടെ കൃഷിഭൂമി വിലക്കു വാങ്ങിയ സ്വകാര്യ സ്ഥാപനം  പാടം നികത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായും കർഷകർ പരാതിപ്പെടുന്നു. പാടത്തിന്‍റെ നടുക്കു കുഴിച്ച കിണറും ജലമൂറ്റിന് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.


കൃഷിക്കായി മീനച്ചിലാറ്റിൽ നിന്നും കനാൽ വഴി  ജലമെത്തിക്കുന്നുണ്ടെങ്കിലും ജലമൂറ്റ് കാരണം പാടത്ത് വെള്ളം പഴയ പോലെ കെട്ടികിടക്കുന്നില്ല. മുമ്പ് വെള്ളം കൃഷിക്ക് ഉപയോഗിക്കാൻ പാകത്തിൽ പാടത്ത് കെട്ടിക്കിടക്കുമായിരുന്നുവെന്നും ജലമൂറ്റ് തുടങ്ങിയതോടെയാണ് ജലവിതാനം ക്രമാതീതമായി കുറയുന്നതെന്നും തെള്ളകം പാടശേഖര സമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ് ചിലമ്പട്ടുശ്ശേരില്‍ പരാതിയിൽ ചൂണ്ടി കാട്ടുന്നു. ഇതേ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി കര്‍ഷകസമിതി നേരത്തെ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായില്ല.


കഴിഞ്ഞ ദിവസം വിവരാവകശനിയമപ്രകാരം തെള്ളകം പാടശേഖരസമിതി സെക്രട്ടറി കൂടിയായ മോന്‍സി പെരുമാലിന് നഗരസഭയില്‍ നിന്നും ലഭിച്ച കത്തില്‍ പ്രദേശത്തെ ജലവിതരണം അനധികൃതമായാണ് നടക്കുന്നതെന്നും വാണിജ്യാടിസ്ഥാനത്തില്‍ കുടിവെള്ളവിതരണത്തിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ നഗരസഭയ്ക്ക് നല്‍കിയ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാത്തത് കുടിവെള്ളമാഫിയായ്ക്ക് ചുക്കാന്‍ പിടിക്കുന്ന കൌണ്‍സിലറുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് കര്‍ഷകരുടെ ആരോപണം. അതുകൊണ്ടാണ് തങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചതെന്ന് കര്‍ഷകസമിതി ഭാരവാഹികള്‍ വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K