03 December, 2019 11:21:21 AM


ശബരിമല വിവാദത്തിന് കൊഴുപ്പേകി ആദ്യ പൂജാരി കരിമല അരയന്‍റെ കല്ലറ കണ്ടെത്തിയെന്ന കുറിപ്പ്



പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കൊഴുപ്പേകിക്കൊണ്ട് ശബരിമലയുടെ ആദ്യ പൂജാരിയും ശബരിമല അമ്പലത്തിന്റെ 18 പടികളില്‍ ആദ്യ പടിയിട്ടയാളുമായ കരിമല അരയന്‍റെ കല്ലറ കണ്ടെത്തിയതായി ഐക്യമലയര മഹാസഭയുടെ നേതാവ്  പി കെ സജീവ്. കരിമലയുടെ ഏറ്റവുമൊടുവിലത്തെ പൂജാരി അരുവിക്കല്‍ അപ്പൂപ്പന്‍ ആയിരുന്നെന്നും പിന്നീട് കാളകെട്ടിയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെ ദേവസ്വം ബോര്‍ഡ് അടിച്ചോടിച്ച ശേഷം കരിമല കോട്ട പിടിച്ചെടുക്കുകയായിരുന്നു എന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.


ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളേജിന്‍റെ, പ്രിന്‍സിപ്പല്‍ പ്രൊഫ. വി ജി ഹരീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ആര്‍ക്കിയോളജി വിഭാഗമാണ് കല്ലറ കണ്ടെത്തിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സജീവ് വ്യക്തമാക്കുന്നു. മറ്റു കല്ലറകളില്‍ നിന്നും വളരെയേറെ വ്യത്യസ്തമായിട്ടാണ് കരിമല അരയന്‍റെ കല്ലറ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനായി വലിയ കല്ലുകള്‍ ആണ് വിസ്തൃതിയോട് കൂടി കീറിയെടുത്ത് ഉപയോഗിച്ചിരിക്കുന്നത്.


20 അടി നീളവും എട്ടടി വീതിയുമുള്ള കല്ലറയുടെ പല ഭാഗങ്ങളും കാലാന്തരത്തില്‍ ഇളകി മാറിയിട്ടുണ്ട്. ഇന്നലെ തന്‍റെ ഫേസ്ബുക്കില്‍ ശബരിമലയിലെ പൂജാരിയായിരുന്ന താളനാനി ഫാമിലിയെ കുറിച്ച് പോസ്റ്റിട്ടിരുന്നു. ഇന്ന് ശബരിമല അമ്പലത്തിന്‍റെ അടിസ്ഥാന ശിലയിട്ട, ആദ്യ പൂജാരി ആയിരുന്ന കരിമല അരയനെ കുറിച്ചാണ്. ചരിത്രം എന്നാല്‍ ചാരം മൂടിയ കനല്‍ക്കട്ടയാണെന്നാണ് പി കെ സജീവ് കുറിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള കല്ലറ കണ്ടെത്തിയതോടെ കരിമല അരയന്‍ യാഥാര്‍ഥ്യമാവുകയാണ് എന്നും പറയുന്നു.


കല്ലറയെപ്പറ്റി സദുദായത്തിലെ മുതിര്‍ന്നവര്‍ നേരത്തെ തന്നെ അറിവു പറഞ്ഞിരുന്നു. ശബരിമലയുടെ 18 മലകളിലും നിരവധിയായ നിര്‍മ്മിതികളും അമ്പലങ്ങളും ഇന്നും സജീവമായി തന്നെ ഉണ്ട്. ഇത്തരത്തിലുള്ള പൗരാണിക നാഗരികതയെ തമസ്‌കരിച്ചു കൊണ്ടാണ് മറ്റു ചില വിശ്വാസങ്ങളും ആചാരങ്ങളും കടന്നുവരുന്നത്. കരിമലയില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ ഇന്നും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായുണ്ട്. യുദ്ധതന്ത്ര പ്രധാനമായിട്ടുള്ള പ്രദേശവുമാണ് കരിമല. കരിമല അരയന്‍റെ ശവകുടീരം കണ്ടെത്തിയതോടെ ശബരിമലയുടെ ചരിത്രം വഴിമാറുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.


ശബരിമല ഉള്‍പ്പെടുന്ന 18 മലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ഈ മലയുടെ അധിപനായിരുന്നു കരിമല അരയന്‍. ആ കാലഘട്ടങ്ങളില്‍ വികസിതമായ ഒരു നാഗരികത ഈ പ്രദേശത്ത് നിലനിന്നിരുന്നു എന്ന തെളിവാണിത്. കരിമലയില്‍ ഒരിക്കലും വറ്റാത്ത കുളവും അത്ഭുതം സൃഷ്ടിക്കുന്നതാണ്. പല വാര്‍ത്താ ചാനലുകളിലും താന്‍ സംസാരിക്കുമ്പോള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യമാണോ എന്ന്‌ചോദിച്ച് അത്ഭുതപ്പെട്ടിരുന്ന ആളുകള്‍ക്ക് മുന്നില്‍ ഇതെല്ലാം യാഥാര്‍ഥ്യമാണെന്നും സജീവമായിത്തന്നെ അവിടെ നിലനില്‍ക്കുന്നതിന്റെയും തെളിവുകള്‍ സഹിതം ബഹുജനങ്ങളുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുകയാണെന്നും ഫേസ്ബുക്കില്‍ പറയുന്നു.


യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വലിയ വിവാദമാണ് ഉയര്‍ന്നത്. ഇതിനിടയിലാണ് ശബരിമല ക്ഷേത്രം മലയരയരുടേതാണ് എന്നും ബ്രാഹ്മണര്‍ അത് തട്ടിയെടുത്തതാണ് എന്നുമുള്ള അവകാശ വാദവുമായി ഐക്യമലയര മഹാസഭയുടെ നേതാവ് പികെ സജീവ് രംഗത്ത് വന്നത്. ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയന്‍ ആണെന്നും അമ്പലത്തിന്റെ 18 പടികളില്‍ ആദ്യ പടിയിട്ടത് അദ്ദേഹമാണെന്നും പികെ സജീവ് വെളിപ്പെടുത്തിയിരുന്നു.


ആദ്യകാലത്ത് ആറു മലകളിലായാണ് മല അരയ സമുദായത്തില്‍പെട്ടവര്‍ താമസിച്ചിരുന്നത്. പിന്നീട് 18 മലകളിലേക്ക് ഇവര്‍ വ്യാപിക്കുകയായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന 18 മലകളും ഒരു കാലഘട്ടത്തില്‍ മണികണ്ഠന്‍ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ മണികണ്ഠന്‍ ദേശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രീഅയ്യപ്പന്‍ മലഅരയ സമുദായത്തില്‍ നിന്നുള്ള സൈനികരെ ഉള്‍പ്പെടുത്തി ചോളര്‍ക്കെതിരായ യുദ്ധം ആരംഭിക്കുന്നത് എന്നിങ്ങനെയാണ് ഉയര്‍ന്ന വാദങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K