03 December, 2019 04:53:01 PM


സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ക്കും എക്സൈസിന്‍റെ പിടിവീഴും



തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ കാലത്തുള്‍പ്പെടെ വീടുകളില്‍ വീര്യം കുറഞ്ഞ വൈനുകള്‍ ഉണ്ടാക്കുന്നതിന് തട വീഴുന്നു. നിയമാനുസൃതമാണ് ഇത്തരം വൈന്‍ നിര്‍മ്മാണം എന്ന തെറ്റായ ധാരണയാണ് പലര്‍ക്കും. എന്നാല്‍ വീടുകളിലെ വൈന്‍ നിര്‍മ്മാണം നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി എക്സൈസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇനി മുതല്‍ ഇത്തരം വൈന്‍ നിര്‍മ്മാണം അനുവദിക്കുന്നതല്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.


വീണ്ടുമൊരു ക്രിസ്മസ്-പുതുവല്‍സര കാലമെത്തിയതോടെയാണ് വീടുകളിലെ വൈന്‍ നിര്‍മ്മാണത്തിന് കൂച്ചുവിലങ്ങിട്ട് എക്സൈസ് രംഗത്തെത്തിയത്. വീടുകളിലെ വൈന്‍ നിര്‍മ്മാണം അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്‌സൈസ് ചൂണ്ടികാട്ടി. റെയിഡ് നടത്തി പിടിക്കുമെന്നും ജാമ്യം കിട്ടാത്ത കുറ്റമാണിതെന്നും എക്‌സൈസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ക്കും എക്സൈസിന്‍റെ പിടിവീഴും.


അരിഷ്ടമടക്കമുള്ള  ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്സൈസ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സര കാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പുണ്ട്.

 
വ്യാജ വാറ്റ് കേന്ദ്രങ്ങളെക്കുറിച്ച് അറിയിപ്പ് നല്‍കണമെന്നും എക്സൈസ് അറിയിച്ചു. ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ സ്വീകരിക്കാനായി ജില്ലകളില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K