04 December, 2019 11:48:19 AM


വന്‍വിലക്കുറവില്‍ സവാള വില്‍പ്പന! വെറും 35 രൂപ മാത്രം; ബിജെപി ഓഫീസിന് മുന്നില്‍ വന്‍ ജനത്തിരക്ക്




പട്‌ന:  ഏവരെയും കരയിപ്പിച്ചുകൊണ്ട് രാജ്യത്ത് സവാള വില കത്തിക്കയറുകയാണ്. അനുദിനം വില കൂടുന്നതിനാല്‍ തീന്‍മേശയിലെ പലവിഭവങ്ങളില്‍നിന്നും സവാള അപ്രത്യക്ഷമായികഴിഞ്ഞു. എന്നാല്‍ സവാള വില നിയന്ത്രണാതീതമായി വര്‍ധിച്ചിട്ടും അത് പിടിച്ചുനിര്‍ത്താനായി സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പലഭാഗത്തും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളും നടക്കുന്നു. അത്തരത്തില്‍ ഒരു വ്യത്യസ്തമായ പ്രതിഷേധത്തിനാണ് കഴിഞ്ഞദിവസം പാട്‌ന സാക്ഷ്യംവഹിച്ചത്. 


മുന്‍ എം.പി.യും ജന്‍അധികാര്‍പാര്‍ട്ടി നേതാവുമായ പപ്പു യാദവാണ് സവാള വിലവര്‍ധനവില്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. പാട്‌നയിലെ ബിജെപി ഓഫീസിന് മുന്നില്‍ വന്‍ വിലക്കുറവില്‍ സവാള വില്‍പന നടത്തിയായിരുന്നു അദ്ദേഹം പ്രതിഷേധിച്ചത്. വിപണിയില്‍ കിലോയ്ക്ക് 90 രൂപ വരെ ഉണ്ടായിരിക്കെ വെറും 35 രൂപയ്ക്കായിരുന്നു പപ്പു യാദവിന്റെ സവാള വില്‍പ്പന. എന്തായാലും പപ്പു യാദവിന്റെ സവാള വില്‍പ്പന പാട്‌നയില്‍ ഹിറ്റായി.


വന്‍വിലക്കുറവില്‍ സവാള വില്‍ക്കുന്നത് അറിഞ്ഞതോടെ പാട്‌നയിലെ ബിജെപി ഓഫീസിലേക്ക് ജനങ്ങളുടെ ഒഴുക്കായി. സവാള വാങ്ങാന്‍ നൂറുക്കണക്കിനാളുകളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടു. സവാള വില ഇത്രയധികം വര്‍ധിച്ചിട്ടും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ഒരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു പപ്പു യാദവിന്റെ കുറ്റപ്പെടുത്തല്‍. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്ന കേന്ദ്രത്തിന് എന്തുകൊണ്ട് സവാളയ്ക്ക് സബ്‌സിഡി നല്‍കികൂടായെന്നും അദ്ദേഹം ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K