04 December, 2019 02:18:10 PM


രാജ്യത്ത് ഉള്ളിക്ക് പിന്നാലെ പഞ്ചസാര ക്ഷാമവും ഉണ്ടായേക്കും! വിലക്കയറ്റത്തിനും സാധ്യത




ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിക്ക് പുറമെ പഞ്ചസാരയ്ക്കും ക്ഷാമമെന്ന് റിപ്പോര്‍ട്ട്. പഞ്ചസാര ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍ ഇടിവെന്ന് രേഖപ്പെടുത്തിയത്. ഉല്‍പ്പാദനം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ 54 ശതമാനം ഇടിഞ്ഞെന്നാണ് കണക്ക്. വെറും 18.85 ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്. ഇതോടെ രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള പഞ്ചസാര ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം. 2018 നവംബര്‍ മാസത്തില്‍ 40.69 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. അന്ന് 418 ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ആകെ 279 ഫാക്ടറികള്‍ മാത്രമാണ്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. 10.81 ലക്ഷം ടണ്ണാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പിത് 9.14 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ 67,000 ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ഇവിടെ 18.89 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിച്ചിരുന്നു. കര്‍ണ്ണാടകത്തില്‍ 8.40 ലക്ഷം ടണ്ണായിരുന്ന ഉല്‍പ്പാദനം 5.21 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു. ഇതോടെ റീട്ടെയ്ല്‍ വിപണിയില്‍ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K