05 December, 2019 11:02:33 PM


അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് കേരളകൗമുദി



തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കടന്നെന്ന പരാതിയിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് കേരള കൗമുദി. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെയും പേട്ട എസ്ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രസ്ക്ലബ്ബിലെ ഓഫീസിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. കേരള കൗമുദിയിൽ പ്രൂഫ് റീഡറാണ് രാധാകൃഷ്ണൻ. പരാതിക്കാരിയും കേരള കൗമുദിയിലെ ജീവനക്കാരിയാണ്.


സംഭവം വിവാദമായതോടെ സെക്രട്ടറി സ്ഥാനത്തു നിന്നും രാധാകൃഷ്ണന്‍റെ രാജി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രസ്ക്ലബിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പേട്ട പോലീസ് സ്റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടുപോയിരിക്കുന്നത്. മാധ്യമപ്രവർത്തകയെ വീട്ടിൽ അതിക്രമിച്ച് കടന്ന് സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.


അറസ്റ്റ് ചെയ്തുകൊണ്ടുപോകവെ പ്രസ്ക്ലബ്ബിൽ പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന വനിതാ മാധ്യമ പ്രവർത്തകർ രാധാകൃഷ്ണനെ കൂവി വിളിച്ചു. വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ വിളിച്ചതനുസരിച്ചാണ് താന്‍ പരാതിക്കാരിയുടെ വീട്ടില്‍ ചെന്നതെന്ന് സംഭവം വിവാദമായതോടെ രാധാകൃഷ്ണന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രേ. പ്രസ് ക്ലബ് ഭാരവാഹികളുടെ യോഗം രാധാകൃഷ്ണനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അന്വേഷണം പൂര്‍ത്തിയാവും വരെ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K