06 December, 2019 06:10:02 PM


അയോധ്യ: മുസ്ലീംങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി കൊടുക്കേണ്ടതില്ല; പുന:പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ



ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ. ബാബറി പളളിക്ക് പകരമായി മുസ്ലീം കക്ഷികള്‍ക്ക് 5 ഏക്കര്‍ ഭൂമി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് എതിരെയാണ് ഹിന്ദു മഹാസഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദു മഹാസഭയില്‍ രണ്ട് വിഭാഗങ്ങളുണ്ട്. സ്വാമി ചക്രപാണി നയിക്കുന്ന വിഭാഗവും ശിശിര്‍ ചതുര്‍വേദി നയിക്കുന്ന മറ്റൊരു വിഭാഗവും. ഇതില്‍ ശിശിര്‍ ചതുര്‍വേദി വിഭാഗമാണ് പുനപരിശോധനാ ഹര്‍ജിയുമായി നീങ്ങുന്നത്. അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ ആണ് ഹിന്ദു മഹാസഭയ്ക്ക് വേണ്ടി പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുക.

രണ്ട് പ്രധാന കാരണങ്ങളാണ് വിധി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെടാന്‍ ഹിന്ദു മഹാസഭ മുന്നോട്ട് വെക്കുന്നത്. ഒന്നാമത് അയോധ്യ കേസ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടതാണ്. തര്‍ക്കഭൂമിയുടെ പൂര്‍ണ അവകാശം ഹിന്ദുക്കള്‍ക്കാണ് എന്ന് സുപ്രീം കോടതി വിധിച്ച സ്ഥിതിക്ക് മുസ്ലീംങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കേണ്ട കാര്യമില്ല എന്നാണ് വാദം.

രണ്ടാമതായി ബാബറി പള്ളിയുടെ മിനാരം പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബാബറി പളളി പൂര്‍ണമായും പൊളിച്ചു എന്ന് നവംബര്‍ 9ലെ വിധിയില്‍ പറയുന്നത് കേസിന്‍റെ വിചാരണയെ ബാധിക്കും എന്നും ഹിന്ദു മഹാസഭ വാദിക്കുന്നു. അയോധ്യ കേസ് വിധിക്കെതിരെ കഴിഞ്ഞ ദിവസം ജം ഇയത്തുല്‍ ഉലമ എ ഹിന്ദ എന്ന സംഘടന പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. വിധി പുനപരിശോധിക്കേണ്ടതില്ല എന്നാണ് കേസില്‍ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡിന്‍റെ നിലപാട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K