07 December, 2019 05:44:21 PM


സര്‍ക്കാര്‍ ചെലവിലല്ല തന്‍റെ കുടുംബാംഗങ്ങള്‍ വിദേശ സന്ദര്‍ശനം നടത്തുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍



തിരുവനന്തപുരം: വിദേശസന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന തന്‍റെ കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാറില്ലെന്നും അത്തരത്തിലുള്ള അല്‍പത്തം സര്‍ക്കാര്‍ കാണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു യാത്രയിലും അങ്ങനെ ഉണ്ടായിട്ടില്ല. കുടുംബാംഗങ്ങളുടെ ചെലവ് ഒരിക്കലും സര്‍ക്കാര്‍ വഹിച്ചിട്ടില്ല. അങ്ങനെ വഹിക്കാനാകില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ജപ്പാന്‍, കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്റെയും കൊറിയയുടെയും സഹകരണം വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളില്‍ സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നും കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഉല്ലാസയാത്ര ആയിരുന്നോ എന്ന് ഒപ്പമുള്ളവരോട് ചോദിച്ചാല്‍ മതി. വിവിധ മേഖലകളിലെ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തിട്ടുണ്ട്. വിദേശ സന്ദര്‍ശനം നടത്തിയപ്പോഴൊക്കെ അത് സംസ്ഥാനത്തിന് ഗുണം ചെയ്തിട്ടുണ്ട്.


ജപ്പാന്‍, കൊറിയ സന്ദര്‍ശനം യുവജനങ്ങളെ മുന്നില്‍ കണ്ടെന്നും പിണറായി വ്യക്തമാക്കി. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണിത്. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും . ടൊയോട്ട കമ്പനിയുമായും കരാറില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K