11 December, 2019 02:25:40 PM


തെലങ്കാന ഏറ്റുമുട്ടല്‍ കൊല : വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ്



ന്യൂഡല്‍ഹി : തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജഡ്ജിയുടെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് ഈ നിര്‍ദേശം നല്‍കിയത്.

കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. റിട്ടയേഡ് ജഡ്ജി പി വി റെഡ്ഡിയുടെ പേരാണ് കോടതി പരിഗണിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജഡ്ജിമാരുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും കക്ഷികളോടും നിര്‍ദേശിച്ചത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിയുടെ പേര് കോടതി നാളെ പ്രഖ്യാപിച്ചേക്കും.

ഹൈദരാബാദിലായിരിക്കില്ല, ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക എന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. തെലങ്കാനയിലെ പൊലീസ് ഏറ്റുമുട്ടല്‍ സുപ്രീംകോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മാനി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K