11 December, 2019 11:58:56 PM


'സെക്സും മദ്യവും മയക്കുമരുന്നും ഡിജെയും': വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകളെ പറ്റി അധ്യാപകന്‍ പറയുന്നു



കൊച്ചി: കേരളത്തിലെ സ്കൂളുകളിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളിൽ ഡിജെ ഇപ്പോൾ ഒരു അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടെന്നും ഇതിന്‍റെ മറവില്‍ ലഹരിമരുന്നുകളുടെയും മദ്യത്തിന്‍റെയും ഉപയോഗം വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചതായും അധ്യാപകന്‍റെ വെളിപ്പെടുത്തല്‍.  നേരില്‍ കണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ കല്‍പ്പകഞ്ചേരിയിലെ എം.ടി മനാഫ് എന്ന അധ്യാപകന്‍ കഴിഞ്ഞ 29ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.


ലഹരി തലയ്ക്കുപിടിച്ചു കഴിയുമ്പോള്‍ ലൈംഗികബന്ധത്തിലേക്ക് വരെ വിദ്യാര്‍ത്ഥികള്‍ എത്തിപ്പെടുന്നത് ഇപ്പോള്‍ സ്വാഭാവികം. വിനോദയാത്രകള്‍ക്കുപയോഗിക്കുന്ന ബസ്സുകളെല്ലാം ഇന്ന് സഞ്ചരിക്കുന്ന ഡിജെ മ്യൂസിക് കാബിനുകളായി മാറിയിട്ടുണ്ടെന്നും പാര്‍ട്ടികളിലും നിശാ ക്ലബ്ബുകളിലും എല്ലാം മറന്ന് ഉന്മത്തരായി നൃത്തം ചെയ്യുന്ന യുവതീ യുവാക്കളുടെ രീതിയാണ് ഇവിടെയെന്നും പലപ്പോഴും ലഹരിയും മയക്കുമരുന്നും സെക്‌സും ഇതില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ടാകുമെന്നും അധ്യാപകന്‍ തുറന്നെഴുതുന്നു.


മനാഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....


ദീര്‍ഘമായ പോസ്റ്റിടാറില്ല

പക്ഷെ ഇതിങ്ങിനെയെങ്കിലും പറഞ്ഞേ മതിയാകൂ…


കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളില്‍ DJ ഇപ്പോള്‍ ഒരു അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്!. DJ ഇല്ലെങ്കില്‍ ടൂറില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പ്രത്യേകം കെട്ടിയുണ്ടാക്കിയ ഹാളില്‍ കാതടപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ജിക്ക് മ്യൂസിക് (ഡിസ്‌ക്) പ്ലേ ചെയ്ത് ചടുലമായി എല്ലാവരും ഡാന്‍സ് (ചാടിക്കളി എന്നാണ് ശരി) ചെയ്യുന്ന രീതിയാണ് DJ. ചുവടുകളെയും ചലനങ്ങളെയും കണ്ണഞ്ചിപ്പിക്കുന്നതാക്കാന്‍ അതിവേഗതയില്‍ മിന്നുന്ന പല വര്‍ണ്ണങ്ങളിലുള്ള ലേസര്‍ ലൈറ്റുകള്‍ കൂടി ഇതില്‍ ഉപയോഗിക്കുന്നു.


തീവ്രമായ ശബ്ദഘോഷവും നിലവാരമില്ലാത്ത കമ്പനികള്‍ പുറത്തിറക്കുന്ന സെറ്റുകളില്‍ നിന്നുള്ള ലേസര്‍ പ്രകാശവും ശരീരത്തിന് വലിയ തോതില്‍ ഹാനികരമാണെന്നോര്‍ക്കണം. ഏതാണ്ട്, അസഹ്യമായ ഒരു മണിക്കൂറാണ് ഒരു സെഷന്‍. കാതടപ്പിക്കുന്ന സംഗീതത്തിന്റെയും മിന്നിത്തിളങ്ങിപ്പായുന്ന പ്രകാശ നൂലുകളുടെയും ലോകത്ത് താല്‍കാലിക വിഭ്രാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പുറത്തിറങ്ങുമ്പോള്‍ പലര്‍ക്കും നടക്കാന്‍ വരെ കഴിയില്ല.


അവതാരകനെ വിളിക്കുന്ന Disc Jockey എന്ന പേരാണ് DJ എന്ന് ചുരുക്കി ഉപയോഗിക്കുന്നത്. വിനോദയാത്രകള്‍ക്കുപയോഗിക്കുന്ന ബസ്സുകളെല്ലാം ഇന്ന് സഞ്ചരിക്കുന്ന DJ music കാബിനുകളായി മാറിയിട്ടുണ്ട്. പാര്‍ട്ടികളിലും നിശാ ക്ലബ്ബുകളിലും എല്ലാം മറന്ന് ഉന്മത്തരായി നൃത്തം ചെയ്യുന്ന യുവതീ യുവാക്കളുടെ രീതിയാണ് DJ യുടെ അടിസ്ഥാനം. പലപ്പോഴും ലഹരിയും മയക്കുമരുന്നും സെക്‌സും ഇതില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ടാകും. കേരളത്തിലും DJ യുടെ മറവില്‍ ഇതെല്ലാം വ്യാപകമാണെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.



പൊള്ളാച്ചി സേത്തുമട അണ്ണാനഗറിലെ ഒരു ഫാം ഹൗസില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ച് ഡിജെ പാര്‍ട്ടി നടന്നിരുന്നു. ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും വഴിയാണ് യുവാക്കള്‍ ഡിജെ പാര്‍ട്ടിയില്‍ സംഘടിച്ചത്. കോയമ്പത്തൂരിലെ മലയാളി വിദ്യാര്‍ഥികളായിരുന്നു സംഘാടകര്‍. നിരോധിക്കപ്പെട്ട ഗുളികകളും കഞ്ചാവും മയക്കുമരുന്നും മദ്യവും സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.


എറണാകുളത്തെ മാളിയേക്കപ്പടിയില്‍, ജില്ലയ്ക്കു പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത കെട്ടിടത്തില്‍ 'ഗോഡ്‌സ് ഓണ്‍ ബൈക്കേഴ്‌സ് മീറ്റ്' എന്ന പേരിലായായിരുന്നു ഡി ജെ പാര്‍ട്ടി. 40 സ്ത്രീകള്‍ അടക്കം 150 പേര്‍ പങ്കെടുത്തെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.


സാഹസിക ബൈക്ക് യാത്രാസംഘത്തെ മറയാക്കിയായിരുന്നു ഈ ഡിജെ പാര്‍ട്ടി. എല്ലാവരും പാര്‍ട്ടിയുടെ പേരു പ്രിന്റ് ചെയ്ത കറുത്ത ടി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. 20 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 10 കുപ്പി ബീയറും കണ്ടെടുത്തു. കേസില്‍ 5 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.


സൂര്യനെല്ലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് ലഹരി ഡിജെ പാര്‍ട്ടി നടത്തിയ മൂന്ന് പേരെ എക്‌സൈസ് പൊക്കുകയുണ്ടായി. LSD ലഹരി സ്റ്റാമ്പും കഞ്ചാവും വിദേശനിര്‍മിത സിഗരറ്റുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടെ 29 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കൊച്ചിയില്‍ ഒരിടവേളയ്ക്ക് ശേഷം ഡി.ജെ പാര്‍ട്ടികള്‍ ശക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടികളില്‍ വില്‍പ്പന നടത്താല്‍ 25 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈയിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


യാതൊരു ഗുണവുമില്ലാത്തതും പിന്നാമ്പുറങ്ങളില്‍ അരാജകത്വത്തിന്റെയും അശ്ശീലതയുടെയും വേരുകള്‍ ആഴ്ന്നിറങ്ങിയതുമായ ഇത്തരം DJ ഇടങ്ങള്‍ നമ്മുടെ മക്കളുടെ അനിവാര്യതയായി മാറിയത് എങ്ങിനെയാണ്!. സത്യത്തില്‍ വലിയ ചൂഷണവും കമ്പോളക്കണ്ണുകളുമാണ് ഇതിനു പിറകിലുള്ളത്. മദ്യവും മയക്കുമരുന്നും സെക്‌സും ജനകീയവല്‍ക്കരിക്കുക മാത്രമാണ് DJ യുടെ മറ്റൊരു ലക്ഷ്യം.


ഒരു ഡിസ്‌കും ആമ്പിയറുള്ള സ്റ്റീരിയോ സെറ്റും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുമുണ്ടെങ്കില്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ലക്ഷങ്ങള്‍ കൊയ്യാന്‍ നടത്തിപ്പുകാരനാകും. ടൂര്‍ ഓപറേറ്റര്‍ക്കും ഏജന്റിനും കമ്മീഷനും കിട്ടും. കാതടപ്പിക്കുന്ന ശബ്ദവും നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ടവും ഇത്ര ലളിതമായി അരങ്ങു തകര്‍ത്ത് മുന്നേറുന്നതില്‍ നിയമപാലകര്‍ക്ക് ലഭിക്കുന്ന കൈമടക്കു തന്നെയാണ് പ്രധാനം ഇന്ധനം. അണിയറക്കു പിറകില്‍ DJ ഇടങ്ങള്‍ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.


കര്‍ണ്ണാടക തമിഴ്‌നാട് യാത്രകള്‍ കൂര്‍ഗ് (കുടക്) വഴി മടങ്ങണമെന്നും അവിടുത്തെ DJ യോടെ പര്യവസാനിക്കണമെന്നുമാണ് ഏതാനും വര്‍ഷങ്ങളായുള്ള ട്രന്റ്. താല്‍കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ ഒരേ സമയം ആറും ഏഴും സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ചാടിത്തിമര്‍ക്കുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ താളം. ചെറിയ അതിരുകള്‍ കെട്ടിയിട്ടുണ്ടെന്ന് മാത്രം. അക്രമാസക്തവും അശ്ലീല ബന്ധിതവുമാണ് ഇത്തരം DJകള്‍!.


അവിടെ സംഗീതമോ നൃത്തമോ ഇല്ല. ആഭാസം മാത്രം. അന്വേഷിച്ചിടത്തോളം കൂടെപ്പോകുന്ന അധ്യാപകര്‍ ഇതിനോട് യോജിക്കുന്നില്ല. രക്ഷിതാക്കള്‍ ഇതാവശ്യപ്പെടുന്നില്ല. പിന്നെ ആരാണ് ഈ മാറാപ്പ് നമ്മുടെ തലയില്‍ കെട്ടി വെക്കുന്നത്. നമ്മുടെ destinationകള്‍ ടൂര്‍ ഓപറേറ്റര്‍ക്ക് വിട്ടു കൊടുക്കുന്നതിലാണ് ഇതിലെ ആദ്യ ചതി പതിയിരിക്കുന്നത്. NO എന്നു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രക്ഷിതാക്കളും സ്ഥാപന മേധാവികളും തീരുമാനിച്ചേ മതിയാകൂ. തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകളില്‍ ഇനി DJ ഉള്‍പെടുത്തില്ല എന്ന്. അതിന് തയ്യാറാകുന്ന കുട്ടികള്‍ മാത്രം വന്നാല്‍ മതിയാകും, അധ്യാപകരും!


MT Manaf, HSST (Eng)

MSMHSS Kallingal Paramba

Kalpakancheri



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K