18 December, 2019 08:01:56 AM


ഹര്‍ത്താൽ ആഘോഷിക്കാൻ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് 60 കിലോയുടെ 'അരാ പൈമ'




മാള: പണിമുടക്കിയ ഹര്‍ത്താലിനെ പഴിച്ച്‌ ചൂണ്ടയിടാന്‍ പോയ മൂവര്‍ക്ക്‌ ലഭിച്ചത് 60 കിലോഗ്രാം തൂക്കം വരുന്ന മത്സ്യം. അരാ പൈമ ഇനത്തിലുള്ള ഭീമന്‍ മത്സ്യം ചൂണ്ടയില്‍ കൊളുത്തിയതോടെ ഹര്‍ത്താല്‍ ഇവര്‍ക്ക് അനുഗ്രഹമായി മാറി. ആട്ടോ ഡ്രൈവര്‍ വെണ്ണൂര്‍പ്പാടം സ്വദേശി എം.കെ. ശ്രീകുമാറും ബന്ധു ഗുരുവായൂര്‍ സ്വദേശിയായ ആട്ടോ ഡ്രൈവര്‍ പി.ആര്‍. ബിജുവും സുഹൃത്ത്‌ പ്ലാവിന്‍മുറി സ്വദേശി പി.കെ. ഷാബുവുമാണ് രാവിലെ വെണ്ണൂര്‍ തുറയില്‍ ചൂണ്ടയിടാന്‍ പോയത്.

ചൂണ്ടയില്‍ ആദ്യമാദ്യം ചെറിയ കരിമീനുകള്‍ കുടുങ്ങി. തുടര്‍ന്നാണ് മത്സ്യ ഭീമന്‍ കുടുങ്ങിയത്. ചൂണ്ടയില്‍ കുരുങ്ങിയ അരാ പൈമ മൂവരുമായി കുറെയേറെ സമയം പിടിവലിയായി. ചൂണ്ടയടക്കം തുറയിലേക്ക് വലിച്ചുപോകുമെന്ന ഘട്ടത്തില്‍ അര മണിക്കൂറിനു ശേഷമാണ് മൂവരും വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്നുള്ള പോരാട്ടത്തിനു ശേഷമാണ് മത്സ്യത്തെ കരയിലേക്ക് വലിച്ച്‌ കയറ്റാനായത്. ഈ ഇനത്തിന് ജീവനോടെ ലക്ഷങ്ങള്‍ വില വരുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.


കഴിഞ്ഞ പ്രളയകാലത്ത് വന്നുപെട്ടതാണ് ഈ മത്സ്യമെന്ന് കരുതുന്നു. ഡാമുകളിൽ ഇത്തരം മത്സ്യം ഉണ്ടാകും. മത്സ്യത്തെ വലിയപറമ്ബിലെ കൃഷ്ണന്‍കോട്ട ഫ്രാന്‍സിസിന്റെ കടയിലെത്തിച്ചു. കിലോഗ്രാമിന് ശരാശരി 300 രൂപ വില വരുന്ന അരാ പൈമക്ക് 18,000 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് അടി നീളമുള്ള മത്സ്യത്തെ കാണാനും ദൃശ്യം പകര്‍ത്താനുമായി നിരവധി പേരാണെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K