19 December, 2019 09:48:43 AM


പോലീസിനെ ചോദ്യം ചെയ്യരുത്; ജോലി പോയാലും ശരി അവര്‍ പല്ല് അടിച്ച് താഴെയിടും



ചേർത്തല:  പോലീസിന്‍റെ നടപടി തെറ്റാണെങ്കിലും ചോദ്യം ചെയ്യരുത്. ചെയ്താല്‍ കുറഞ്ഞത് പല്ല് എങ്കിലും നഷ്ടപ്പെടും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചേര്‍ത്തലയിലുണ്ടായത്. വളവിൽ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത പിഎസ്‌സി ഉദ്യോഗസ്ഥന് പൊലീസ് മർദനത്തിൽ നഷ്ടപ്പെട്ടത് സ്വന്തം പല്ലുകള്‍ തന്നെ. തിരുവനന്തപുരം പിഎസ്‌സി ഓഫിസിലെ ഉദ്യോഗസ്ഥൻ ചേർത്തല 5–ാം വാർഡ് ഇല്ലിക്കൽ രമേഷ് എസ്.കമ്മത്തിനാണ് (52) മർദനമേറ്റത്. ശനിയാഴ്ച വൈകിട്ട് ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം.


ഡിജിപിക്കു പരാതി നൽകിയതിനെ തുടർന്ന്  ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുധീഷിനെ സസ്പെൻഡ് ചെയ്തു. ആരോപണം അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രേഡ് എസ്ഐ ബാബുവിനും സിവിൽ പൊലീസ് ഓഫിസർ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.


അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശം നൽകി. വാഹന പരിശോധന നടത്തുമ്പോള്‍ പൊതുജനത്തോട് പെരുമാറുന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തേ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതാണെന്നും ഡിജിപി ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K