25 December, 2019 12:38:28 AM


കിഫ്‌ബി നടപ്പാക്കുന്ന 12 പദ്ധതികള്‍ക്ക്‌ 1700 കോടിയുടെ വിദേശസഹായ വാഗ്‌ദാനം



കൊച്ചി : കേരള ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ബോര്‍ഡ്‌ (കിഫ്‌ബി) വഴി നടപ്പാക്കുന്ന സംസ്‌ഥാനത്തെ 12 പദ്ധതികള്‍ക്ക്‌ 1700 കോടിയുടെ ധനസഹായവുമായി യു.എസ്‌. ആസ്‌ഥാനമായ ധനകാര്യ സ്‌ഥാപനം. അമേരിക്ക ആസ്‌ഥാനമായ ആഗോള ധനകാര്യ സ്‌ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ (ഐ.എഫ്‌.സി) ആണ്‌ 1700 കോടി രൂപയുടെ വായ്‌പാ വാഗ്‌ദാനവുമായി കിഫ്‌ബിയെ സമീപിച്ചത്‌.


ഐ.എഫ്‌.സിയുടെ വാഗ്‌ദാനം സ്വീകരിച്ചാല്‍ ഏതെങ്കിലുമൊരു രാജ്യാന്തര ഫണ്ടിങ്ങ്‌ ഏജന്‍സിയില്‍ നിന്ന്‌ കിഫ്‌ബിക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്‌പയായിരിക്കുമിതെന്ന്‌ കിഫ്‌ബി സി.ഇ.ഒ കെ.എം. എബ്രഹാം പറഞ്ഞു. ലോകബാങ്ക്‌ ഗ്രൂപ്പില്‍ അംഗമായ വാഷിംഗ്‌ടണ്‍ ആസ്‌ഥാനമായ ഐ.എഫ്‌.സി ക്‌ളൈമറ്റ്‌ റെസിലന്‍സ്‌ ബോണ്ട്‌ വിഭാഗത്തില്‍ പെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുക.


സാധാരണയായി രാജ്യങ്ങള്‍ക്കാണ്‌ ഈ വിഭാഗത്തില്‍ വായ്‌പ അനുവദിക്കുക. ഐ.എഫ്‌.സിയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ ക്‌ളൈമറ്റ്‌ റെസിലന്‍സ്‌ ബോണ്ട്‌ വിഭാഗത്തില്‍ ഫണ്ട്‌ ലഭിക്കുന്ന ആദ്യ സംസ്‌ഥാനമാകും കേരളം. ഐ.എഫ്‌.സിയുടെ വായ്‌പ വാഗ്‌ദാനത്തെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക്‌ എന്നിവരെ അറിയിച്ചതായും കെ.എം. എബ്രഹാം പറഞ്ഞു. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ലോക ബാങ്കിനേക്കാള്‍ വേഗത ഐ.എഫ്‌.സിക്കുണ്ടെന്നും അതുകൊണ്ട്‌ തന്നെ കരാറിലേര്‍പ്പെട്ടാല്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം ഐ.എഫ്‌.സി. വായ്‌പയുടെ കാര്യത്തില്‍ ഉണ്ടാവില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു. ജനുവരി ആറിന്‌ വായ്‌പയ്‌ക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കാമെന്നാണ്‌ ഐ.എഫ്‌.സി കിഫ്‌ബിയെ അറിയിച്ചിരിക്കുന്നത്‌. 


പൗരത്വ ബില്ലിനെതിരേ രാജ്യത്ത്‌ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ വിദേശ നിക്ഷേപങ്ങളെ ബാധിക്കില്ലെന്നാണ്‌ പ്രതീക്ഷയെന്നും കിഫ്‌ബി സി.ഇ.ഒ. പറഞ്ഞു. പ്രതിഷേധങ്ങള്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കില്ലെന്നാണ്‌ പ്രതീക്ഷയെന്നും നിക്ഷേപങ്ങള്‍ക്ക്‌ തടസമാകുന്ന തരത്തില്‍ കേരളത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നതിനാല്‍ നിക്ഷേപകര്‍ക്ക്‌ ആശങ്കയുണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K