25 December, 2019 12:01:04 PM


തങ്കയങ്കി ഘോഷയാത്ര നാളെ സന്നിധാനത്ത്; സൂര്യഗ്രഹണം പ്രമാണിച്ച് ദര്‍ശനത്തിന് നിയന്ത്രണം



ശബരിമല: തങ്കയങ്കി ഘോഷയാത്ര നാളെ  സന്നിധാനത്തെത്തും. അന്ന് സൂര്യഗ്രഹണമായതിനാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും. മണ്ഡലപൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  സൂര്യഗ്രഹണമായതിനാല്‍ നാളെ രാവിലെ ഏഴരമുതല്‍ പതിനൊന്നര വരെയുള്ള സമയത്താണ് നട അടച്ചിടുന്നത്.


പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ ആറേ മുക്കാല്‍ വരെ നെയ്യഭിഷേകം നടത്താനാകും. തുടര്‍ന്ന് ഉഷപ്പൂജക്ക് ശേഷമാണ് നടയക്കുക. 11.30ന് ഒരു മണിക്കൂര്‍ കൂടി നെയ്യഭിഷേകം നടത്താനാകും. സാധാരണ ഉച്ചക്ക് ശേഷം നാല് മണിക്ക് തുറക്കുന്ന നട ഒരു മണിക്കൂര്‍ വൈകിയാണ് തുറക്കുക. രാവിലെ മുതല്‍ തന്നെ പമ്പയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് നിയന്ത്രണമുണ്ടാകും. നിലക്കലില്‍ നിന്നുമുള്ള വാഹനങ്ങളും നിയന്ത്രിക്കും.


തങ്കയങ്കി ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. വൈകീട്ട് അഞ്ചരക്കാണ് ശരംകുത്തിയില്‍ യാത്രക്ക് സ്വീകരണം. തുടര്‍ന്ന് സന്നിധാനത്തെത്തിക്കുന്ന തങ്കയങ്കി അണിയിച്ചാകും ദീപാരാധന. 27നാണ് മണ്ഡലപൂജക്ക് ശേഷം നടയക്കുന്നത്. മണ്ഡലപൂജയോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ശരണപാതയും സന്നിധാനവും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K