01 January, 2020 07:51:17 PM


സംവിധായകരുടെ കൂട്ടത്തില്‍ കിടന്നാലേ അവസരം കിട്ടൂ; കമ്മീഷന് മുന്നില്‍ നടികളുടെ മൊഴി



തിരുവനന്തപുരം: മലയാള സിനിമയില്‍ അവസരം കിട്ടാന്‍ കൂട്ടത്തില്‍ കിടന്നു തരണമെന്ന് ആവശ്യപ്പെടുന്ന ലൈംഗിക ചൂഷകരായ സംവിധായകര്‍ ഉണ്ടെന്ന് ജസ്റ്റീസ് ഹേമ കമ്മീഷന്‍. അവസരം കിട്ടാന്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകേണ്ടി വന്നിട്ടുണ്ടെന്ന് ചില നടിമാര്‍  കമ്മീഷനോട് വെളിപ്പെടുത്തി. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു.


മലയാള സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും പീഡനത്തിന് ഇരയാകുന്നുവെന്നും കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പ്രശ്‌നപരിഹാരത്തിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും മുന്നൂറോളം പേജു വരുന്ന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അപകടകരമായ രീതിയില്‍ ലഹരി ഉപയോഗം, നടിമാരെ തീരുമാനിക്കുന്ന ശക്തമായ ലോബിയുടെ പ്രവര്‍ത്തനം, അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തല്‍ എന്നിവയെല്ലാം സിനിമയിലെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.


അവസരങ്ങള്‍ക്കായി ലൈംഗിക ആവശ്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കേണ്ട അവസ്ഥ (കാസ്റ്റിംഗ് കൗജ്) മലയാളസിനിമയിലുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിഷന്‍ പറയുന്നു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം ഉണ്ടെന്നും അവസരങ്ങള്‍ ലഭിക്കാന്‍ ലൈംഗികമായി വഴങ്ങണമെന്ന നിര്‍ബ്ബന്ധം പിടിക്കുന്നത് ഉള്‍പ്പെടെയുള്ള മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നടിമാരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ എത്തിപ്പെടുന്നതിന് പലപ്പോഴും െലെംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവര്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെടാറില്ല.


കൂട്ടത്തില്‍ ഏതെല്ലാം നടിമാര്‍ അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്ന തീരുമാനം എടുക്കാന്‍ ശേഷിയുള്ള ലോബിയുടെ പ്രവര്‍ത്തനം മലയാള സിനിമയിലുണ്ട്. സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകള്‍ കമ്മിഷന്റേതായുണ്ട്.


തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രമുഖ അഭിനേതാക്കള്‍ പോലും അപ്രഖ്യാപിത വിലക്കില്‍ വിഷമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ മേഖലയിലെ ലഹരി തടയാന്‍ നടപടികളും ശക്തമായി നിയമനിര്‍മ്മാണവും വേണ്ടതുണ്ട്. ഇതിന് പ്രത്യേക ട്രൈബ്യൂണലിനെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും സൈബര്‍ ഇടങ്ങളിലും െസെബര്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങള്‍ കമ്മിഷന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.


ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് കെ. ഹേമ കമ്മിഷനെ. ചലച്ചിത്രതാരം ടി. ശാരദ, കെ.ബി. വല്‍സല കുമാരി എന്നിവര്‍ കമ്മിഷനില്‍ അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 11ന് സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യൂ.സി.സി.) അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിഷനെ നിയോഗിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കമ്മിഷന്‍. ഇത്തരം പ്രശ്നങ്ങള്‍ പരിശോധിച്ച കമ്മിഷന്‍ ശക്തമായ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K