05 January, 2020 09:33:22 PM


എക്സൈസുകാരെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു



തൃശൂർ: എക്സൈസുകാരെ കണ്ട് ഭയന്ന് കരാഞ്ചിറ മുനയം ബണ്ടിന് സമീപം പുഴയിൽ ചാടിയ യുവാവ് മരിച്ചു. തൃപ്രയാർ സ്വദേശി കാറളത്ത് വീട്ടിൽ അക്ഷയ് (20) ആണ് മരിച്ചത്. കിഴുപ്പിള്ളിക്കരക്കടുത്ത് മുനയം ബണ്ടിന് സമീപമാണ് യുവാവിന്റെ ദാരുണാന്ത്യം. കഞ്ചാവ് സംഘങ്ങൾ വ്യാപകമായി വിലസുന്നുവെന്ന പരാതിയെ തുടർന്നാണ് തൃശൂരിൽ നിന്നുള്ള എക്സൈസിന്റെ സ്പെഷൽ സ്ക്വാഡ് മുനയത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എത്തുന്നത്. മുനയം പുഴയോട് ചേർന്നിരുന്ന 9 യുവാക്കൾ അപ്രതീക്ഷിതമായി മഫ്തിയിൽ എത്തിയ എക്സൈസ് സംഘത്തെ കണ്ട് ചിതറിയോടി.


എന്നാൽ എക്സൈസ് വന്ന സമയം കാലിന് സുഖകുറവുള്ള അക്ഷയ് എന്ന യുവാവിനെ പ്രദേശവാസിയായ മറ്റൊരു യുവാവ് പുഴയിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നും ആരോപണമുണ്ട്. അക്ഷയ് നീന്താൻ കഴിയാതെ ഹെൽപ്പ് മീ എന്ന് പറഞ്ഞ് പുഴയിൽ മുങ്ങി താഴുന്നത് ചവിട്ടി വീഴ്ത്തിയ യുവാവ് വീഡിയോയിൽ എടുത്തത് പൊലീസിന്റെ കൈവശമുണ്ട്. യുവാവിനെ പുഴയിലേക്ക് തള്ളിയിട്ടുവെന്ന് ആരോപിക്കപ്പെടുന്ന പ്രദേശവാസിയായ കല്ലയിൽ സന്തോഷിന്റെ വീടിന് നേരെ ഇന്നലെ ചിലർ ആക്രമണം നടത്തി.


മൃതദേഹം കിട്ടിയതിന് ശേഷം വീണ്ടും നടന്ന ആക്രമണത്തിൽ പരിക്കേറ്റ സന്തോഷിന്റെ പിതാവ് ശങ്കരനെ പോലീസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപാലകൃഷ്ണൻ, അന്തിക്കാട് എസ്.ഐ: കെ.ജെ ജിനേഷ്, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K