07 January, 2020 05:00:01 AM


യു.എസ്-ഇറാന്‍ സംഘര്‍ഷം; സ്വര്‍ണവില കുതിക്കുന്നു, പവന് 30,200 രൂപ; ഇന്ധനവിലയിലും വർധന


Gold, oil price hike


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് തിങ്കളാഴ്ച മാത്രം 520 രൂപ വര്‍ധിച്ച് 30,200 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 3775 രൂപയായി. കഴിഞ്ഞയാഴ്ച പവന് 680 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഇറാന്‍ രഹസ്യാന്വേഷണ മേധാവി ഖാസിം സൊലൈമാനിയെ അമേരിക്ക വധിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലുണ്ടായ സംഘര്‍ഷാവസ്ഥയാണ് സ്വര്‍ണവിലയില്‍ കുതിപ്പിന് ഇടയാക്കിയത്. ആഗോളവിപണിയിലെ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1.5% വര്‍ധിച്ച് 1,579.55 ഡോളറായി.

സംസ്ഥാനത്ത് പവന് 29,080 രൂപയാണ് ഇതുവരെ ഡിസംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്നവില. കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 28,000 രൂപയായിരുന്നു. മൂന്നാഴ്ചകൊണ്ട് 2,200 രൂപയാണ് ഉയര്‍ന്നത്.

അതിനിടെ, ഇന്ധനവിലയിലും തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.72 രൂപയും ഡീസലിന് 72.41 രൂപയുമായി. അഞ്ചു ദിവസം കൊണ്ട് ഡീസലിന് 70 പൈസ വര്‍ധിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് കാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K