10 January, 2020 05:38:50 PM


പി.ജി. തിയറിക്ക് മുമ്പ് പ്രാക്ടിക്കൽ പരീക്ഷ; സാധ്യത പഠിക്കാനൊരുങ്ങി എം.ജി.



കോട്ടയം: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ തിയറി പരീക്ഷയ്ക്ക് മുമ്പ് പ്രാക്ടിക്കൽ പരീക്ഷകളും പ്രൊജക്ട് മൂല്യനിർണയവും പൂർത്തീകരിക്കുന്നതിന്റെ സാധ്യത പഠിക്കാൻ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ചേർന്ന പ്രിൻസിപ്പൽമാരുടെ യോഗം തീരുമാനിച്ചു. പ്രാക്ടിക്കലുകൾ നിരന്തര മൂല്യനിർണയ സംവിധാനത്തിലൂടെ നടത്തുന്നതിന്റെ സാധ്യതയും ആരായും. എക്‌സ്റ്റേണൽ മൂല്യനിർണയം ഒഴിവാക്കി കോളേജുകൾക്കുതന്നെ നിരന്തര മൂല്യനിർണയത്തിലൂടെ പ്രാക്ടിക്കൽ വിലയിരുത്താനുള്ള സാധ്യതയാണ് ആരായുക. നിലവിൽ തിയറി പരീക്ഷകൾ കഴിഞ്ഞാണ് പ്രാക്ടിക്കൽ പരീക്ഷകളും പ്രൊജക്ട് മൂല്യനിർണയവും നടക്കുന്നത്.


യോഗം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. അക്കാദമിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി മുന്നേറാൻ പ്രിൻസിപ്പൽമാരും അധ്യാപകരും തമ്മിലുള്ള പാരസ്പര്യ പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റംഗം ഡോ. എ. ജോസ് അധ്യക്ഷത വഹിച്ചു. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാർച്ച് 16നും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ഏപ്രിൽ 20നും ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു. ഒന്നാം സെമസ്റ്റർ ഡിഗ്രി ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുകയാണ് ലക്ഷ്യം. പ്ലസ്ടു ഫലം പ്രഖ്യാപിച്ചാലുടൻ ബിരുദപ്രവേശനത്തിനുള്ള സർവകലാശാല പോർട്ടൽ തുറക്കും. പ്രവേശന നടപടികൾ അതിവേഗത്തിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സർവകലാശാലയുടെ ടീച്ചേഴ്‌സ് പോർട്ടലിൽ അധ്യാപകരുടെ വിവരങ്ങൾ ചേർക്കുന്നതിന് പ്രിൻസിപ്പൽമാർ പ്രത്യേക നിർദ്ദേശം നൽകണമെന്ന് പരീക്ഷ കൺട്രോളർ പ്രൊഫ. ബി. പ്രകാശ് കുമാർ പറഞ്ഞു. യു.ജി. ആറാം സെമസ്റ്റർ, പി.ജി. നാലാം സെമസ്റ്റർ പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം എന്നിവയും യോഗം ചർച്ച ചെയ്തു. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എസ്. സുജാത, ഡോ. ആർ. അനിത, ഡോ. റോയ് സാം ഡാനിയേൽ, പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K