12 January, 2020 08:34:31 PM


വിശ്വാസതീവ്രതയില്‍ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ പേട്ടതുള്ളി



എരുമേലി: വിശ്വാസം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ എരുമേലി പേട്ടതുള്ളൽ ചടങ്ങുകൾക്ക് സമാപനം. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ ഭക്തിപുരസ്സരം പേട്ടതുള്ളി. അമ്പലപ്പുഴ സംഘത്തിൻറെ പേട്ടതുള്ളലോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് 12 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് വട്ടമിട്ട് പറന്നതോടെയാണ് പേട്ടതുള്ളൽ ചടങ്ങുകൾക്ക് തുടക്കമായത്. 


പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം പേട്ട തുള്ളി. എരുമേലി വാവർ പള്ളിയിൽ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികൾ സ്വീകരിച്ചു. വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിൻ സെക്രട്ടറി ഹക്കിം മാടത്താനി കൂടി ചേർന്നതോടെ മതസൗഹാർദ്ദം ഇഴചേർന്ന് വലിയമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ തുടങ്ങി. 


വൈകുന്നേരം 4 മണിയോടെയാണ് ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ തുടങ്ങിയത്. പെരിയോർ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തിൽ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ. നൂറുകണക്കിന് അയ്യപ്പഭക്തരാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K