17 January, 2020 10:19:17 PM


എരുമേലി പഴയ കൊരട്ടി പള്ളിയുടെ കുരിശടിയിൽ നേർച്ചപ്പെട്ടി അറുത്തുമാറ്റി മോഷണം

 
എരുമേലി : കുരിശടിയിലെ നേർച്ചപ്പെട്ടിയുടെ വാതിൽ അറുത്തുമാറ്റി മോഷണം. എരുമേലിയിലെ പുരാതന ദേവാലയമായ  പഴയകൊരട്ടി സെന്റ് മേരീസ് പള്ളിയുടെ  ഉറുമ്പിൽ പാലത്തിന് സമീപമുള്ള ഗ്രോട്ടോയിലെ കുരിശടിയിലാണ് നേർച്ചപ്പെട്ടിയിലെ പണം അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാകാം മോഷണം നടന്നതെന്ന് കരുതുന്നു. ഇന്ന് വൈകിട്ട് പ്രാർത്ഥനക്കെത്തിയ വിശ്വാസികളാണ് നേർച്ചപ്പെട്ടിയുടെ വാതിൽ തകർത്ത നിലയിൽ കണ്ടത്. എത്രത്തോളം തുക അപഹരിച്ചിട്ടുണ്ടെന്ന് അറിയില്ല. എരുമേലി പോലിസ് എത്തി തെളിവെടുപ്പ് നടത്തി.


കൊരട്ടി ജംഗ്‌ഷനിൽ പോലിസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കും. കഴിഞ്ഞ വർഷം ജനുവരി 27 നാണ് കുരിശടിയുടെ നിർമാണം പൂർത്തിയാക്കി വെഞ്ചെരിച്ചത്. ഇതിന് മുമ്പും പഴയ കൊരട്ടി ദേവാലയത്തിലും പരിസരങ്ങളിലും  മോഷണ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പ്രതികളെ പിടികൂടാനാകാത്തത് മോഷ്‌ടാക്കൾക്ക് വീണ്ടും അവസരം ഒരുക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശക്തമായ നടപടികൾ പോലിസ് സ്വീകരിക്കണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യം ശക്തമായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K