17 January, 2020 11:06:17 PM


വന്‍ തട്ടിപ്പുമായി ബൈജൂസ് ലേണിംഗ് ആപ്പ്; രക്ഷകര്‍ത്താവിന്‍റെ കുറിപ്പ് വൈറലാവുന്നു




ആലപ്പുഴ: പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കോടികളുടെ പരസ്യങ്ങള്‍. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉന്നതിയില്‍ എത്തിക്കാമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കി മോഹന്‍ലാലും ഷാരൂഖ്ഖാനും ഉള്‍പ്പെടെയുള്ള വന്‍കിട താരങ്ങള്‍. ഡിജിറ്റല്‍ ട്യൂഷന്‍റെ പേരില്‍ കോടികള്‍ കൊയ്തുകൊണ്ടിരിക്കുന്ന ബൈജൂസ് ലേണിംഗ് ആപ്പിന്‍റെ ചതിക്കുഴികള്‍ തന്‍റെ അനുഭവത്തിലൂടെ തുറന്നു കാട്ടി ചേര്‍ത്തലയില്‍ നിന്നും ഒരു രക്ഷകര്‍ത്താവ് രംഗത്ത്.


താത്‍പര്യമില്ലെന്ന് പറഞ്ഞ് പലവട്ടം ഒഴിഞ്ഞ് മാറിയിട്ടും, എക്സിക്യൂട്ടീവിന്‍റെ നിരന്തരമായ ശല്യത്തിനും മകന്‍റെ ഭാവി ഓര്‍ത്തിട്ടും ബൈജൂസ് ലേണിംഗ് ആപ്പിന്‍റെ ഡിജിറ്റല്‍ ട്യൂഷന് വഴങ്ങികൊടുത്ത തനിക്കുണ്ടായ ദുരനുഭവമാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശി ബിജു പാര്‍ത്ഥന്‍ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പങ്ക് വെച്ചത്.


ചേര്‍ത്തല ഹോളി ഫാമിലി സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അനന്തുവിന് വേണ്ടിയായിരുന്നു കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ തീരാനിരിക്കെ 30000 രൂപ നല്‍കി ബിജു  9 ഉം, 10 ഉം ക്ലാസ്സുകളിലേക്കുള്ള സ്റ്റഡീപാക്ക് വാങ്ങിയത്. ഈ വര്‍ഷം പത്താം തരത്തിലേക്ക് കടന്നപ്പോഴാണ് തട്ടിപ്പിന്‍റെ മുഖംമൂടി പൊഴിയുന്നത്. മകന്‍ പഠിക്കുന്ന സിലബസ് മാറിയിട്ടും ബൈജൂസ് ആപ്പ് തുടരുന്നത് പഴയ സിലബസ് തന്നെ. അപ്ഡേഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മെയ് മുതല്‍ പല പ്രാവശ്യം ഫോണിലൂടെയും ഈ മെയില്‍ മുഖേനയും ബന്ധപ്പെട്ടിട്ടും ഇതുവരെ ഒരു ഫലവുമുണ്ടായില്ല. പ്രതികരണം വളരെ മോശമായ രീതിയിലായിരുന്നു എന്നു മാത്രമല്ല, പണവും പോയി.


ഇപ്പോള്‍  ലേബർ ഇന്ത്യയുടെയും മറ്റും ഗൈഡുകളുമായി മകന്‍റെ പഠനം പുരോഗമിക്കുന്നു. മാസം 50 രൂപയേ ചിലവുള്ളൂ. മുപ്പതിനായിരം രൂപക്ക് ബൈജുസ് തന്ന ടാബ് യാതൊരു ഉപയോഗവുമില്ലാതെ പൊടിപിടിച്ച് ഷെൽഫിന്‍റെ മൂലക്ക് ഇരിക്കുന്നുവെന്നാണ് ബിജു പാര്‍ത്ഥന്‍ പറയുന്നത്.


ബിജുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം. 


"My bad experience with Byju's Learning App.


എന്റെ ഫോണിലേക്ക് ബൈജൂസ് ലേണിങ്ങ് ആപ്പിൽ നിന്നാണെന്ന് പറഞ്ഞ് നിരന്തരം കോളുകൾ വരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന എന്റെ മോന്റെ പഠന കാര്യത്തിനായി ഒരു സൗജന്യ ഡെമോൺസ്ട്രേഷന് ഞാൻ എലിജിബിളാണെന്നും അതിനു വേണ്ടി എപ്പോൾ കാണാൻ പറ്റും എന്നൊക്കെ ചോദിച്ചാണ് വിളിക്കുന്നത്. താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരമായി വിളിച്ചുകൊണ്ടിരുന്നു. പിന്നെ ഞാൻ വിചാരിച്ചു സൗജന്യ ഡെമോ ആണല്ലോ വന്നിട്ട് പോട്ടെ. അങ്ങനെ ഒരു ദിവസം ഫിക്സ് ചെയ്തു. ഒരു ടാക്സി കാറിൽ സുമുഖയായ ഒരു പെൺകുട്ടിയും യൂണിഫോം ധരിച്ച അന്യസംസ്ഥാനക്കാരനായ ഒരു സെക്യൂരിറ്റി ഗാർഡും പറഞ്ഞ സമയത്ത് തന്നെ വീട്ടിലെത്തി. വീട്ടിൽ ഞാനും ഭാര്യയും എന്റെ അച്ചനമ്മമാരും പിന്നെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനുമാണുള്ളത്. സെക്യൂരിറ്റി ക്കാരൻ വീടിന് മുന്നിൽ പാറാവുകാരനെ പോലെ നിലയുറപ്പിച്ചു. എത്ര നിർബന്ധിച്ചിട്ടും അയാൾ അകത്ത് കയറിയില്ല, ഇരുന്നുമില്ല. പെൺകുട്ടി എന്റെ പ്രൊഫഷനെ കുറിച്ചും മോന്റെ പഠന കാര്യങ്ങളെ കുറിച്ചുമൊക്കെ അന്വേഷിച്ച ശേഷം മോനെ വിളിച്ചു. ചില സിമ്പിൾ ചോദ്യങ്ങളൊക്കെ അവനോട് ചോദിച്ചു. ഒരു ചോദ്യം ഇതായിരുന്നു "What are the ingredients of photosynthesis?". അവനതിനെല്ലാം തന്നെ ഉത്തരവും പറഞ്ഞു. കേരള സ്‌റ്റേറ്റ് സിലബസിൽ ഒൻപതാം ക്ലാസിൽ ആയിരുന്ന എന്റെ മകൻ പഠനത്തിൽ ആവറേജ് മാത്രമാണ്. അവനെ അസസ് ചെയ്യാനായി അവരുടെ 10 ഇഞ്ച് ടാബിൽ ഒരു ടെസ്റ്റ് ഒക്കെ നടത്തി. ടെസ്റ്റ് റിസൾട്ട് നോക്കിയിട്ട് പെൺകുട്ടി പറഞ്ഞു. സാധാരണ സ്‌റ്റേറ്റ് സിലബസിലെ കുട്ടികൾ 60 ശതമാനം വരെയൊക്കെയേ സ്കോർ ചെയ്യാറുള്ളു പക്ഷേ ഇവൻ 80 ശതമാനം സ്കോർ ചെയ്തു ആള് ബ്രില്യന്റ് ആണ്. ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ ഒരു ടാബ് ഉൾപ്പെടെയുള്ള പ്രീമിയം പാക്ക് വാങ്ങിയാൽ മോനു വേണ്ടിയുള്ള സ്റ്റഡി പ്ലാൻ അവരുടെ വിദഗ്ധരായ അധ്യാപകർ ഓരോ ആഴ്ചയിലും പഠന പുരോഗതി വിലയിരുത്തി തയ്യാറാക്കിത്തരുമെന്നും, ഒരു ടീച്ചർ സംശയ നിവാരണത്തിനായി ഫോണിൽ എപ്പോഴും ലഭ്യമായിരിക്കുമെന്നുമൊക്കെ പറഞ്ഞു. പാക്കിന്റെ വില 60000 രൂപ. എനിക്ക് ഒരു സ്പെഷ്യൽ ഡിസ്കൗണ്ട് ഉണ്ട് 50%. അതായത് അന്ന് തന്നെ ഞാനത് വാങ്ങിയാൽ 30000 രൂപ കൊടുത്താൽ മതി. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതുകൊണ്ട്, ആലോചിച്ച് പറയാം, കോൺടാക്ട് ചെയ്യാം എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും പെൺകുട്ടി വിടാൻ ഭാവമില്ല. പിന്നീട് വാങ്ങുമ്പോൾ 60000 രൂപ കൊടുക്കേണ്ടി വരും ഇപ്പോൾ 30000 രൂപ മതിയല്ലോ അതു കൊണ്ട് ഈ ചാൻസ് മിസ് ചെയ്യുന്നത് ബുദ്ധിയല്ലെന്നും, പഠനം ഹൈടെക് ആക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു കൊണ്ട് പെൺകുട്ടി വാചാലയായി. ഒരുമിച്ച് പണമടക്കാൻ പറ്റുന്നില്ലെങ്കിൽ ലോണും അവർ തന്നെ ശരിയാക്കിത്തരും. 


കുട്ടിയുടെ പഠന കാര്യമല്ലേ, TV ചാനലുകളിലൊക്കെ ബൈജുസിന്റെ പരസ്യങ്ങളും വരുന്നുണ്ട്. പരസ്യത്തിൽ സാക്ഷാൽ മോഹൻലാൽ പോലും ബൈജുസ് ആപ് റെക്കമെന്റ് ചെയ്യുന്നു. ലാലേട്ടനോട് എനിക്ക് വ്യക്തിപരമായി അടുപ്പവുമുണ്ട്. അദ്ദേഹത്തിന്റെ Taekwondo Black Belt ന് വേണ്ടിയുള്ള പ്രിപ്രേറ്ററി ട്രെയിനിങ്ങ് കൊടുത്തത് ഞാനായിരുന്നു. അവസാനം ഞാൻ വീണു, വാങ്ങാമെന്ന് സമ്മതിച്ചു. പെൺകുട്ടി അപ്പോൾ തന്നെ ആപ്പിക്കേഷൻ ഫോം പുറത്തെടുത്തു. ലോൺ എഗ്രിമെന്റ് സൈൻ ചെയ്യാനുള്ള പേപ്പറുകളുമൊക്കെ കൊണ്ടാണ് പെൺകുട്ടി വന്നിരിക്കുന്നത്. 2000 രൂപ അപ്പോൾ തന്നെ കൊടുക്കണം ബാക്കി 12 മാസത്തേക്ക് EMI. ചിന്തിക്കാൻ ഒരു സാവകാശം കിട്ടുമല്ലോ എന്ന ഉദ്യേശത്തോടെ 2000 രൂപ ഉടനെ എടുക്കാൻ ഇല്ലെന്ന് ഞാൻ പറഞ്ഞു നോക്കി പക്ഷേ അവൾ വിട്ടില്ല, ചെക്ക് മതി, തന്നെയുമല്ല ഇന്നത്തെ ദിവസം കഴിഞ്ഞാൽ പിന്നെ 60000 രൂപക്കേ പാക്ക് കിട്ടൂ. ഞാൻ പെട്ടു.


ഒൻപതാം ക്ലാസിലെ അധ്യയന വർഷം ഏതാണ്ട് കഴിയാറായിരുന്നു. എങ്കിലും 9 ഉം, 10 ഉം ക്ലാസ്സുകളിലേക്കുള്ള സ്റ്റഡീപാക്കാണ് എനിക്ക് തരുന്നത്. 7 ഇഞ്ച് ടാബാണ് പാക്കിൽ ഉള്ളത്, ഒരു പതിനായിരം കൂടി കൊടുത്താൽ 10 ഇഞ്ചിന്റെ ടാബ് തരും. 7 ഇഞ്ച് തന്നെ ധാരാളം എന്ന് ഞാൻ പറഞ്ഞു. പിന്നെ പെൺകുട്ടി അടുത്ത കാൻവാസിങ്ങ് തുടങ്ങി, പ്ലസ് ടൂ വരെയുള്ള പാക് ഇതിന്റെ കൂടെ വാങ്ങിയാൽ 60000 രൂപ കൊടുത്താൽ മതി, അതും ലോണാക്കി തരാം. വേണ്ട എന്ന് ഞാൻ ബോൾഡായിത്തന്നെ പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു പിന്നെയവൾ നിർബന്ധിച്ചില്ല.


ഒരാഴ്ച കഴിഞ്ഞ് ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ പ്രീമിയം പാക് കിറ്റ് എനിക്ക് പോസ്റ്റിൽ ലഭിച്ചു. 7 ഇഞ്ച് ടാബും ബൈജൂസിന്റെ പരസ്യം ആലേഘനം ചെയ്ത ഒരു ബാഗും. Lenovo കമ്പനി ബൈജൂസിനു വേണ്ടി നിർമ്മിച്ച് നൽകുന്ന 1 GB റാം ഉള്ള ടാബിന്റെ പെർഫോമെൻസ് ശോകം. നാലു സബ്ജെറ്റുകൾ മാത്രമാണ് കവർ ചെയ്യുന്നത്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പിന്നെ മാത്തമാറ്റിക്‌സും. എല്ലാം തന്നെ ടോപിക് ബെയിസിലുള്ള ലക്ചറുകളുടെ വിഡിയോകൾ മാത്രം. വിഡിയോകൾക്ക് മുന്നിൽ ചില അനിമേഷൻസുമുണ്ട്. പല ലക്ചറർമാരുടെയും ഇംഗ്ലീഷ് ദയനീയം, ഒരുമാതിരി വടക്കേ ഇന്ത്യൻ ആക്സെന്റ്. എല്ലാ കണ്ടെന്റുകളും മുന്നേ റെക്കോഡ് ചെയ്ത് വച്ചത് മാത്രം, നോ ഓൺലൈൻ അപ്ഡേറ്റ്സ്. പ്രോബ്ലംസ് സോൾവിങ്ങ് എക്സർസൈസുകൾ ഒന്നും കണ്ടില്ല. ഓഫർ ചെയ്തിരുന്ന 'ഓവർ ദി ഫോൺ' ട്യൂഷൻ ടീച്ചർ രാവിലെ 9 മണി മുതൽ മാത്രം ലഭ്യം. അതായത് കുട്ടി സ്കൂളിൽ ആയിരിക്കുന്ന സമയം. ടീച്ചറിന് സുഖമായി കിടന്നുറങ്ങാം അല്ലെങ്കിൽ സിനിമക്ക് പോകാം. വൈകിട്ട് ഒരു മണിക്കൂറോ മറ്റോ കിട്ടിയാലായി. ഓകെ, ഒമ്പതാം ക്ലാസല്ലേ 10th ആകുമ്പോൾ ശരിയാകും എന്നു കരുതി ക്ഷമിച്ചു. പക്ഷേ പത്താം ക്ലാസിലായപ്പോൾ സ്ഥിതി ആകെ മാറി. 2019-20 അധ്യയന വർഷം 10th ഗ്രേഡ് സ്‌റ്റേറ്റ് സിലബസ് മാറ്റമുണ്ടായിരുന്നു. ബൈജൂസ് ആപ് ഇതൊന്നും അറിയുന്നില്ല. കുട്ടി ഓരോ ചാപ്ടർ ബെയിസിലുള്ള ലെക്ചറുകൾ കേട്ട് മുന്നോട്ട് പോയപ്പോൾ ആണ് ബൈജൂസിന്റ ടാബിൽ റെക്കോഡ് ചെയ്തിരിക്കുന്ന കണ്ടെന്റുകളും സ്കൂളിലെ ടെസ്റ്റ് ബുക്കിലുള്ള കണ്ടെന്റുകളും തമ്മിൽ ഒരു ബന്ധവുമില്ല എന്ന സത്യം മനസിലാക്കുന്നത്. ഞാൻ ഉടനെ ബൈജൂസ് ടീച്ചറെ വിളിച്ചു, സിലബസ് മാറ്റത്തിന്റെ കാര്യം പറഞ്ഞു. പക്ഷേ അവർ യാതൊരു മര്യാദയുമില്ലാതെ തർക്കവാദമുന്നയിക്കുകയാണ് ചെയ്തത്. നിങ്ങൾക്ക് വേണ്ടതെല്ലാം ടാബിലുണ്ടെന്നും അതുകൂടാതെ ടെസ്റ്റ് ബുക്കിലില്ലാത്ത കുറച്ച് എക്സ്ട്രാ കണ്ടന്റ് കൂടി ഉണ്ട്, അത് നിങ്ങൾക്ക് ഒരു ബോണസായി എടുത്തു കൂടെ എന്നുള്ള വിചിത്ര വാദങ്ങളാണ് ആ ലേഡി ടീച്ചർ നിരത്തിയത്. അവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാൻ ഫോൺ കട് ചെയ്തു. പിന്നീട് ഇ-മെയിൽ മുഖാന്തിരമാണ് സംവേദിച്ചത് (ഇ-മെയിൽ കോൺവർസേഷന്റെ സ്ക്രീൻ ഷോട്ടുകൾ റെഫറൻസിനായി താഴെ കമന്റിൽ നൽകാം) . ടെസ്റ്റ് ബുക്കിലെ മാറിയ കണ്ടെന്റും, ടാബിൽ പ്രീറെക്കോഡ് ചെയ്തിട്ടുള്ള പഴയ കണ്ടെന്റും തമ്മിലുള്ള വെത്യാസങ്ങൾ ചാപ്ടർ/ടോപിക് ബെയിസിൽ എക്സ്പ്ലെയിൻ ചെയ്ത് ഞാൻ മെയിൽ ചെയ്തു. മെയിൽ കണ്ട് ടീച്ചർ എന്നെ വിളിച്ചു. സിലബസ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലെന്നും തന്നിട്ടുള്ള ടാബിൽ ആവശ്യമുള്ളതെല്ലാം ഉണ്ടെന്നുമുള്ള ഉഡായിപ്പ് വാദം വീണ്ടു വീണ്ടും ആവർത്തിച്ചു. മാറിയ സിലബസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ടാബ് തിരിച്ചെടുത്ത് വാങ്ങിയ പണം റീഫണ്ട് ചെയ്യാനും, EMI റിസീവ് ചെയ്യുന്നത് ഇമ്മീഡിയറ്റായി സ്റ്റോപ് ചെയ്യാനും ആവശ്യപ്പെട്ട് വീണ്ടും ഞാൻ മെയിൽ അയച്ചു. പക്ഷേ റിപ്ലെ ഒന്നും കിട്ടിയില്ല. ഇതിനിടയിൽ ഒരു പത്താം ക്ലാസുകാരനെ സംബന്ധിച്ച് വിലപ്പെട്ട നാലഞ്ച് മാസങ്ങൾ കടന്നു പോയിരുന്നു. മുപ്പതിനായിരം രൂപ കൊടുത്തിട്ട് യാതൊരു പ്രയോജനവും ലഭിക്കാത്തതിൽ മനംനൊന്ത് ഞാൻ കൺസ്യൂമർ കോർട്ടിൽ പരാതിപ്പെടുവാൻ തീരുമാനിച്ചു, അതവരെ അറിയിക്കുകയും ചെയ്തു. അപ്പോൾ വീണ്ടും വിളി വന്നു. സിലബസ് മാറിയത് അംഗീകരിച്ച് ക്ഷമാപണം നടത്തിക്കൊണ്ട് അപ്ഡേറ്റ് ചെയ്ത പുതിയ SD കാർഡ് അയച്ചു തരാമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. വീണ്ടും ഒരു രണ്ട് മാസത്തോളം കഴിഞ്ഞാണ് കാർഡ് അയച്ചു കിട്ടിയത്. പക്ഷേ അത് ഇൻസേർട്ട് ചെയ്തിട്ട് ഒന്നും തന്നെ പ്ലേ ആകുന്നില്ല. അവരുടെ ടെക്നിക്കൽ സപ്പോർട്ട് ടീമിനെ കോൺടാക്ട് ചെയ്തു. പല തവണയായി അവരുടെ ഇൻസ്ട്രക്ഷൻസ് ഫോളോ ചെയ്തെങ്കിലും പ്രശ്നം സോൾവായില്ല. അവസാനം അവർ കാരണം കണ്ടെത്തി, കാർഡിന് ടെക്നിക്കൽ എറർ ഉണ്ട്, മറ്റൊരു കാർഡ് അയച്ചുതരാമത്രെ. വേറെ മാർഗ്ഗമില്ലല്ലോ ഞാൻ സമ്മതിച്ചു. പുതിയ കാർഡ് അയച്ചു തന്നു. അത് ഇൻസേർട്ട് ചെയ്തു നോക്കി. പഴയ പോലെ തന്നെ, വർക്ക് ചെയ്യുന്നില്ല. ഈ സമയം കൊണ്ട് മോന്റെ സെക്കന്റ് ടേം എക്സാമുകളും കഴിഞ്ഞിരുന്നു.


ഇന്നിപ്പോൾ ജനുവരി മാസമായി. മോന്റെ പഠനം ലേബർ ഇന്ത്യയുടെയും മറ്റും ഗൈഡുകളുമായി പുരോഗമിക്കുന്നു. മാസം 50 രൂപയേ ചിലവുള്ളൂ. മുപ്പതിനായിരം രൂപക്ക് ബൈജുസ് തന്ന ടാബ് യാതൊരു ഉപയോഗവുമില്ലാതെ പൊടിപിടിച്ച് ഷെൽഫിന്റെ മൂലക്ക് ഇരിക്കുന്നു.


ഇത് വായിക്കുന്നവരെങ്കിലും വഞ്ചിതരാകാതിരിക്കുക.


Biju.P  Mob: 9349478544"


ബിജുവിന്‍റെ കുറിപ്പിന് വന്‍  പ്രതികരണമാണ് ലഭിക്കുന്നത്.  ബൈജൂസ് ആപ്പില്‍ നിന്നും ഇതേ  അനുഭവമുണ്ടായ ഒട്ടേറെ പേര്‍ ബിജുവിന്‍റെ പോസ്റ്റ് ശരിവെച്ച് കമൻറുകള്‍ ഇടുന്നു. കമ്പനിയ്ക്കെതിരെ കേസ് കൊടുക്കണമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. മോഹൻലാലിന്‍റെ പടം ഉൾപ്പടെ വമ്പൻ പരസ്യവുമായി വന്നിട്ടുള്ളത് എല്ലാം ഉഡായിപ്പുകൾ ആണെന്നാണ് മറ്റൊരാള്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K