19 January, 2020 12:27:20 AM


ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർ മരിച്ചു




ഏറ്റുമാനൂർ: എം.സി.റോഡില്‍ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ ചരക്ക് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീയും പുരുഷനും മരിച്ചു. വയലാ വാഴക്കാലാ കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി നിവാസി കുര്യം കിഴക്കേകാലായില്‍ മഞ്ചു (ചെല്ലമ്മ - 48) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവത്തുസ്ഥലത്തുതന്നെ മരിച്ചു.


ശനിയാഴ്‌ച രാത്രി 11.30ന് സെൻട്രൽ ജങ്ഷനിൽ പോലീസ് സ്റ്റേഷന്‍റെ മുന്നിലായിരുന്നു അപകടം. ടാറിങ് സബ് കോൺട്രാക്ടറാണ് ഹരി. ഹരിയോടൊപ്പം സ്കൂട്ടറിലായിരുന്നു മഞ്ചുവും. പാലാ റോഡില്‍ നിന്നും വളവ് തിരിഞ്ഞ് കയറി വന്ന സ്കൂട്ടറില്‍ അമിതവേഗതയില്‍ കോട്ടയം ഭാഗത്തുനിന്നും ചരക്ക് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നുവത്രേ.  ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ശരീരത്തു കൂടി ലോറിയുടെ ടയറുകള്‍ കയറിയിറങ്ങിയത്രേ. തലച്ചോറ് ഉള്‍പ്പെടെ ശരീര ഭാഗങ്ങൾ റോഡിൽ ചിന്നിചിതറിയ നിലയിലായിരുന്നു.



അപകടസമയത്ത് ടൌണില്‍ ആളുകള്‍ കുറവായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് പോലീസ് ജീപ്പിലും  ആംബുലൻസിലുമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയത്തുനിന്നും അഗ്നിശമനസേനയെത്തി റോഡില്‍ നിരന്നു കിടന്ന ശരീരാവശിഷ്ടങ്ങള്‍  ഉള്‍പ്പെടെ കഴുകി വൃത്തിയാക്കി. ലോറി ഡ്രൈവർ പാലക്കാട് നെന്മാറ സ്വദേശിയെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 


അപകടത്തില്‍പെട്ടവരെ തിരിച്ചറിയാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അപകടത്തില്‍പെട്ട സ്കൂട്ടറില്‍ നിന്നും മകന്‍ ടിനിയുടെ ലൈസന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഹരിയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ കൂടെയുള്ള സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് സ്റ്റേഷനിലെത്തിയ ടിനിയ്ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞിരുന്നില്ല. അപകടസ്ഥലത്തുനിന്നും ലഭിച്ച മൊബൈലിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ മഞ്ചുവിന്‍റെ വിലാസം ലഭിച്ചു. തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് ആണ് മഞ്ചുവിന്‍റെ ഇപ്പോഴത്തെ താമസസ്ഥലത്തെത്തി മരിച്ചത് മഞ്ചുവാണെന്ന് തിരിച്ചറിഞ്ഞത്.  


ഏറ്റുമാനൂരില്‍ അപകടം പതിയിരിക്കുന്ന മേഖലകളില്‍ ഒന്നാണ്  സെന്‍ട്രല്‍ ജംഗ്ഷന്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന നഗരത്തില്‍ ഗതാഗതനിയന്ത്രണം വളരെ ശ്രമകരമാണ്. പാലാ റോഡില്‍ നിന്നും വരുന്ന ഒരു വാഹനം എറണാകുളം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ശ്രദ്ധിക്കാതെ എം.സി.റോഡിലേക്ക് കടന്നാല്‍ അപകടം ഉറപ്പ്. ഇതിനിടെയാണ് സ്വകാര്യബസുകളുടെ മരണപാച്ചില്‍. എം.സി.റോഡ് നവീകരണത്തിനുശേഷം സെന്‍ട്രല്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ പ്രവര്‍ത്തിച്ചിട്ടില്ല. പകല്‍ സമയം ഗതാഗതനിയന്ത്രണത്തിന് പോലീസ് ഉള്ളതുകൊണ്ട് തങ്ങള്‍ രക്ഷപെട്ടുപോകുന്നുവെന്ന് രാത്രിയില്‍ അപകടസ്ഥലത്തു തടിച്ചുകൂടിയ വാഹനഉടമകള്‍ ചൂണ്ടികാട്ടി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K