20 January, 2020 05:36:13 PM


'ഭരണഘടനാപരമായ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നു'; സർക്കാർ വിശദീകരണം തള്ളി ഗവർണർ



തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ കേസിന് പോയ സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയുമായി അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.


ചട്ടങ്ങളും നിയമങ്ങളും സർക്കാർ ലംഘിക്കുന്നുവെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ ചട്ടങ്ങൾ സർക്കാർ പാലിച്ചേ മതിയാകൂവെന്ന് ഗവർണർ വ്യക്തമാക്കി.  സുപ്രീം കോടതിയിൽ പോകുന്നതിന് അനുമതി ആവശ്യമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ കേസിനു പോകുന്നത് ഗവർണറെ അറിയിക്കുക എന്നത് നിർബന്ധമാണ്. ഭരണഘടനാ തകർച്ച അനുവദിക്കില്ല. ഇക്കാര്യത്തിൽ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്ന് ഗവർണർ പറഞ്ഞു.


അടുത്ത നടപടി എന്തെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഈഗോ ക്ലാഷ് അല്ല. ചീഫ് സെക്രട്ടറി വന്നതിന്‍റെ വിശദാംശം പരസ്യമാക്കുന്നില്ല. അസംബ്ലി റൂൾ 119 സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ ഇല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് വ്യക്തമാക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ഇപ്പോഴത്തെ സംഭവങ്ങൾ താനും സർക്കാരുമായുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കരുതെന്ന് ഗവർണർ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K