20 January, 2020 09:32:23 PM


ഇരുളില്‍ പകച്ചു നില്‍ക്കാതെ സധൈര്യം മുന്നോട്ടു നടന്ന് വനിതാ കൂട്ടായ്മ



വടശേരിക്കര :  വടശേരിക്കരയില്‍ ഇരുളില്‍ പകച്ചു നില്‍ക്കാതെ ഒരുകൂട്ടം വനിതകള്‍ തങ്ങളുടെ കാലുകള്‍ മുന്നോട്ടുവെച്ചു.വനിത ശിശു വികസന വകുപ്പ് റാന്നി പെരുനാട് അഡീഷനല്‍ ഐസിഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാത്രി നടത്തമാണ് ശ്രദ്ധേയമായത്. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മഹിളാ സംഘടന പ്രതിനിധികള്‍ എന്നിവരടക്കം 40 പേര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു. 'പൊതുഇടം എന്റേതും' എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കാനായി ചമ്പോണ്‍, കന്നാംപാലം എന്നിവിടങ്ങളില്‍ നിന്നാണ് നടത്തം തുടങ്ങിയത്. 


റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. വടശേരിക്കര പഞ്ചായത്ത് ഓഫിസിന്റെ കവാടത്തില്‍ സമാപിച്ചു.തുടര്‍ന്ന് മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തു.പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന മുഹമ്മദ് റാഫി (സീതത്തോട്), ബീന സജി (പെരുനാട്), രവികല (ചിറ്റാര്‍), വടശേരിക്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ്, ഐസിഡിഎസ് ഓഫിസര്‍ ജാസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K