25 January, 2020 01:05:45 PM


ഗവര്‍ണറെ തിരിച്ചു വിളിക്കണം - ചെന്നിത്തല; രാഷ്ട്രപതിയെ സമീപിക്കട്ടെയെന്ന് ഗവര്‍ണര്‍



തിരുവനന്തപുരം: കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാചട്ടം 130 പ്രകാരം ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനായി പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയതായി രമേശ് ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.


1989ല്‍ അന്നത്തെ സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍റെ റൂളിങ് പ്രകാരം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായാണ് പ്രമേയം സഭ പാസാക്കിയത്. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍. എന്നാല്‍ പ്രമേയത്തെ തള്ളിപ്പറയുകയും നിയമസഭ കൂടിയതിനെ അവഹേളിക്കുകയും ചെയ്ത ഗവര്‍ണര്‍ സഭയുടെ അന്തസ്സിനെയും മഹത്വത്തെയും ഗുരുതരമായി ബാധിച്ച പ്രശ്‌നമാണെന്നും ചെന്നിത്തല പറഞ്ഞു.


മുമ്ബും ഇത്തരം പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയത്തിനെതിരെ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറിനെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പരസ്യമായി നിയമസഭാ നടപടിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഒരുകാലത്തും ഗവര്‍ണര്‍ സര്‍ക്കാറുമായോ പ്രതിപക്ഷമായോ ഇത്തരത്തില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ല. അതുകൊണ്ടാണ് രാഷ്ട്രപതിയോട് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുന്നോട്ടുവന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


പരാതിക്കാര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ; തിരിച്ചുവിളിക്കണമെന്ന പ്രമേയം സ്വാഗതം ചെയ്യുന്നു - ഗവര്‍ണര്‍


തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. 'പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. എന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്.


ഭരണഘടനാപരമായി അത് തന്റെ കര്‍ത്തവ്യമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുന്നതിന് അര്‍ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ലെന്നും' ഗവര്‍ണര്‍ വ്യക്തമാക്കി. അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നിരര്‍ഥകമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം എന്താണെന്നാണ് ഭരണഘടനയില്‍ നിര്‍വചിച്ചിരിക്കുന്നതെന്നും അതിന് സുപ്രീംകോടതി നല്‍കിയിരിക്കുന്ന വ്യാഖ്യാനം എന്തെന്നും ഗവര്‍ണര്‍ മറുപടിയില്‍ വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K