26 January, 2020 11:38:42 AM


രാജ്യവിരുദ്ധ പരാമര്‍ശം: ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്



ദില്ലി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്‍റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാം എന്ന വിദ്യാര്‍ഥിക്കെതിരെയാണ് കേസ്. അസ്സമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് ഡല്‍ഹി പോലീസ് ആരോപിക്കുന്നത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ ( രാജ്യദ്രോഹം), 153 എ ( മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


അതേസമയം ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഷഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ ആരോപിച്ചു. ഷര്‍ജീല്‍ ഇമാം തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാനും പോലീസിനെ മനീഷ് ശിശോദിയ വെല്ലുവിളിച്ചു.


അസ്സമിനെ മുറിച്ചുമാറ്റണമെന്ന് ഒരാള്‍ പറയുന്നു. അത് ചെയ്ത ആളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി വാര്‍ത്താ സമ്മേളനം നടത്തുകയാണ് ചെയ്യുന്നതെന്നും ശിശോദിയ ആരോപിച്ചു. ഷര്‍ജീല്‍ ഇമാമിനെതിരെ അസ്സം പോലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K