28 January, 2020 07:14:35 PM


'ഐ ലവ് കെജ്‌രിവാള്‍': ഓട്ടോ ഡ്രൈവര്‍ക്ക് 10,000 രൂപ പിഴ; വിശദീകരണം തേടി ഹൈക്കോടതി




ദില്ലി: 'ഐ ലവ് കെജ്‌രിവാള്‍' എന്ന് ഓട്ടോയില്‍ എഴുതിയ ഡ്രൈവര്‍ക്ക് 10000 രൂപ പിഴ. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി പോലീസിനോടും സര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി വിശദീകരണം തേടി. എന്തിനാണ് പിഴ ചുമത്തിയതെന്ന് അന്വേഷിക്കുന്നതിനായി സമയം വേണമെന്ന് സര്‍ക്കാരും പോലീസും കോടതിയെ അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പിഴ ചുമത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.


തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം ഓട്ടോ ഡ്രൈവറുടെ അഭിഭാഷകന്‍ തള്ളി. ഓട്ടോയില്‍ പതിപ്പിച്ച വാക്കുകള്‍ രാഷ്ട്രീയ പരസ്യമല്ല. ഇനി അങ്ങനെ ആണെങ്കില്‍ തന്നെ പരാതിക്കാരന്‍റെ സ്വന്തം ചെലവിലാണ് സന്ദേശം എഴുതിയിട്ടുള്ളത്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചെലവില്ല. ഒരു വ്യക്തി സ്വന്തം പണം ചെലവഴിച്ച്‌ പരസ്യം ചെയ്യുന്നതിനെ കുറിച്ച്‌ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


ഓട്ടോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ വശങ്ങളിലും പിന്നിലും രാഷ്ട്രീയ പരസ്യങ്ങള്‍ പതിക്കാമെന്ന് 2018ല്‍ ദില്ലി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അടുത്ത വാദം കേള്‍ക്കുന്ന മാര്‍ച്ച്‌ മൂന്നിന് കൂടുതല്‍ വിശദകീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K