30 January, 2020 12:59:16 PM


ഇന്ത്യക്കാരനാണോയെന്ന തീരുമാനം: മോഡിക്ക് ലൈസന്‍സ് നല്‍കിയതാര്? - രാഹുല്‍ ഗാന്ധി




കല്പറ്റ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്രസര്‍ക്കാരിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ഒരാള്‍ ഇന്ത്യന്‍ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള ലൈസന്‍സ് ആരാണ് നരേന്ദ്ര മോഡിക്ക് നല്‍കിയത്? ഞാനൊരു ഇന്ത്യക്കാരനാണോയെന്ന് നിശ്ചയിക്കാന്‍ ആരാണ് നരേന്ദ്ര മോഡി? രാജ്യത്തെ പൗരന്മാര്‍ അവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്ന് തെളിയിക്കേണ്ട സാഹചര്യമാണ്. ഞാനൊരു ഇന്ത്യക്കാരനാണെന്ന് എനിക്കറിയാം. അത് ആരുടെ പക്കലും തെളിയിക്കേണ്ട ആവശ്യം എനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 


നാഥുറാം ഗോഡ്‌സെയും നരേന്ദ്ര മോഡിയും വിശ്വസിക്കുന്നത് ഒരേ ആശയസംഹിതയിലാണ്. താന്‍ ഗോഡ്‌സെയിലാണ് വിശ്വസിക്കുന്നതെന്ന് പറയാന്‍ മോഡിക്ക് ധൈര്യമില്ലെന്നത് ഒഴികെ അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. ആരിലും വിശ്വാസമോ സ്‌നേഹമോ കരുതലോ ഇല്ലാത്ത നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തി. അതേ അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. അദ്ദേഹം അദ്ദേഹത്തെ മാത്രമാണ് സ്‌നേഹിക്കുന്നത്. അദ്ദേഹത്തില്‍ മാത്രമാണ് വിശ്വാസമുള്ളത്. സത്യത്തിനു വേണ്ടി നിലകൊണ്ടതിന്‍റെ പേരിലാണ് ഗാന്ധിജിയെ ഗോഡ്‌സെ വധിച്ചത്. ഇന്നു രാജ്യത്തെ നയിക്കുന്ന മനുഷ്യന്‍ ഈ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. അതു തുറന്നു പറയാനുള്ള ചങ്കൂറ്റം മോഡിക്കില്ല. കള്ളനും ഭീരുമായ ഗോഡ്‌സെയ്ക്ക് ഗാന്ധിജിയുടെ മുഖത്തുനോക്കാന്‍ കഴിഞ്ഞിരുന്നില്ല. മോഡിയും അങ്ങനെ തന്നെയാണ്. -രാഹുല്‍ വിമര്‍ശിച്ചു.


ഇന്ത്യയെ വിഭജിക്കുക, വെറുപ്പ് പരത്തുക, കൊള്ളയടിക്കുക എന്നതു മാത്രമാണ് മോഡിയുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. യു.ഡി.എഫ് നടത്തുന്ന ഭരണഘടന സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് കല്പറ്റയില്‍ നടന്ന മാര്‍ച്ചിന് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയേയും സാമ്പത്തിക തകര്‍ച്ചയേയും കൂറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം ഉടന്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കും. സി.എ.എയും എന്‍.ആര്‍.സിയും ഒരിക്കലും തൊഴിലുകള്‍ നല്‍കില്ല. കശ്മീരിലേയും അസമിലെയും സാഹചര്യങ്ങള്‍ ഒരിക്കലും നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതല്ലെന്നും രാഹുല്‍ പറയുന്നു. 


കല്പറ്റ എസ്.കെ.എം.കെ ഹൈസ്‌കൂളില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഒരു പാര്‍ട്ടിയുടെയും കൊടികള്‍ ഉപയോഗിക്കാതെ ദേശീയ പതാക മാത്രം ഉപയോഗിച്ചായിരുന്നു ആയിരങ്ങള്‍ രാഹുലിന് പിന്നില്‍ അണിനിരന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ.പി അനില്‍ കുമാര്‍ തുടങ്ങിയവരും ജാഥയില്‍ പങ്കെടുത്തു




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K