01 February, 2020 07:58:43 AM


കുറവിലങ്ങാടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു



കോട്ടയം: കുറവിലങ്ങാട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കോട്ടയത്ത് അർദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മൂന്ന് സ്ത്രീകള്‍ ഉൾപ്പെടെ അഞ്ച് പേർ. കോട്ടയം വേളൂര്‍ തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല (65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകൻ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍ (19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. രാത്രി 12.30ഓടെയായിരുന്നു സംഭവം.



കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയില്‍ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍‌ ലോറിയുടെ അടിയിലേയ്ക്കു കയറി. നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായില്ല. 



കടുത്തുരുത്തിയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അഞ്ചു പേരെയും ഉടന്‍ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ എം.സി.റോഡില്‍ തുടര്‍ന്ന് അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K