01 February, 2020 03:07:20 PM


ചരിത്രം കുറിച്ച് നിര്‍മ്മല സീതാരമന്‍റെ ബജറ്റ് പ്രസംഗം; രണ്ട് പേജ് ബാക്കി നിൽക്കെ തളര്‍ച്ച



ദില്ലി: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് അവസാനത്തെ രണ്ട് പേജുകൾ വായിക്കാതെ. ശാരീരികമായി തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് അവർ അവസാനത്തെ രണ്ടു പേജുകൾ വായിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെയ്ക്കുകയായിരുന്നു. ശാരീരികമായി മന്ത്രിക്ക് തളർച്ച സംഭവിച്ചത് അവരുടെ ശരീര ഭാഷയിൽ വ്യക്തമായിരുന്നു. അവസാനം ആയപ്പോഴേക്കും നിരന്തരം ഗ്ലാസിലിരുന്ന വെള്ളം കുടിക്കാൻ ആരംഭിച്ചു. വായനയ്ക്ക് ചെറുതായി ഇടവേള നൽകി. ഇതിനിടയിൽ ഗ്ലാസിലെ വെള്ളം തീർന്നു. ഉടൻ തന്നെ പുതുതായി ഗ്ലാസിൽ വെള്ളമെത്തിച്ചു.


ധനമന്ത്രിക്ക് സമീപത്തുണ്ടായിരുന്ന മന്ത്രിമാരായ നിധിൻ ഗഡ്ഗരിയും അമിത് ഷായും രാജ് നാഥ് സിംഗും ചില നിർദ്ദേശങ്ങൾ അവർക്ക് നൽകുന്നുണ്ടായിരുന്നു. ഇതിനിടയിൽ നിധിൻ ഗഡ്ഗരി തന്‍റെ കൈവശമുണ്ടായിരുന്ന മിഠായി നിർമല സീതാരാമന് നൽകി. അവരത് നന്ദി പറഞ്ഞ് സ്വീകരിച്ച് വായിലിട്ടു. വായിൽ മിഠായി അലിയിച്ചു കൊണ്ടായിരുന്നു തുടർ വായന. ഇതിനിടയിൽ വീണ്ടും ഗ്ലാസിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. എന്നാൽ, വായനയ്ക്കിടയിൽ വീണ്ടും തടസങ്ങളുണ്ടായി.


വയ്യായ്ക ഉണ്ടെങ്കിൽ വായന നിർത്താൻ സഭയിൽ നിന്ന് ആവശ്യമുയർന്നപ്പോൾ 'ഇല്ല, ഇനി രണ്ടു പേജു കൂടി മാത്രമേയുള്ളൂ' എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. തുടർന്ന് വായന നടത്താൻ ശ്രമിച്ചെങ്കിലും വീണ്ടും അവശതയായി. കണ്ണടയെടുത്ത് തുവാല കൊണ്ട് മുഖം തുടച്ചു. ഇതിനിടയിൽ പ്രകാശ് ജാവദേക്കർ ഗ്ലൂക്കോസ് പൊടി നൽകിയെങ്കിലും ധനമന്ത്രി അത് തൽക്കാലത്തേക്ക് നിരസിച്ചു. തുടർന്ന്, അവസാനത്തെ രണ്ട് പേജുകൾ വായിക്കുന്നില്ലെന്ന് സഭയെ അറിയിച്ചു. സഭാംഗങ്ങൾ മേശയിൽ കൈ അടിച്ച് അതിന് അനുമതി നൽകി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K