01 February, 2020 05:17:50 PM


ഹൗസ് ബോട്ട് സര്‍വ്വീസ്; സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം



കോട്ടയം: ജില്ലയില്‍ വേമ്പനാട്ടു കായലില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കര്‍ശന നടപടികള്‍ ആരംഭിച്ചു. ലൈസന്‍സ് ഇല്ലാത്ത ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ആലപ്പുഴ പോര്‍ട്ടിന്‍റെ ലൈസന്‍സ് ഉള്ളവയ്ക്കു മാത്രമാണ് വേമ്പനാട്ടു കായലില്‍ അനുമതിയുള്ളത്. കൊല്ലം, കൊടുങ്ങല്ലൂര്‍ പോര്‍ട്ടുകളില്‍നിന്നുള്ള ലൈസന്‍സ് ഉപയോഗിച്ച് ഇവിടെ സര്‍വീസ് നടത്താന്‍ പാടില്ല. ഇത്തരം അനധികൃത ബോട്ടുകള്‍ വേമ്പനാട്ടു കായലിലുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.


അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഹൗസ് ബോട്ട് ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ബോട്ടുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിപത്രവും നിര്‍ബന്ധമാക്കും. ഈ അനുമതിപത്രത്തിനായി അഞ്ചു വര്‍ഷത്തേക്കുള്ള ഫീസ് ഒറ്റത്തവണയായി അടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന് ബോട്ടുടമകളുടെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു.  


ബോട്ടുകള്‍ സാധാരണ കിടക്കാറുള്ള ജെട്ടി ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കിടെ ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ നേരിടുന്നതിന് ബോട്ടുകള്‍ സജ്ജമായിരിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ യാത്രക്കാര്‍ക്ക് കാണാനും പെട്ടെന്ന് എടുക്കാനും കഴിയും വിധത്തിലാണ് ബോട്ടില്‍ സൂക്ഷിക്കേണ്ടത്. യാത്ര തുടങ്ങുന്നതിനു മുന്‍പ് സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും യാത്രക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. നിശ്ചിത യോഗ്യതയും ജോലി പരിചയവും ഉള്ളവരെ മാത്രമേ ബോട്ടിലെ ജോലിക്കാരായി നിയോഗിക്കാവൂ. ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം.


അന്യസംസ്ഥാന തൊഴിലാളികളെ ഈ ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണം. ജോലിക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസന്‍സുള്ള ബോട്ടുകളില്‍ മാത്രമാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാന്‍ അനുവാദമുള്ളത്. ഹൗസ് ബോട്ടുകളില്‍ മതിയായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ബാര്‍ജിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്.


സുരക്ഷ ഉറപ്പാക്കുന്നതിനായി പോര്‍ട്ട് അധികൃതര്‍ നടത്തിവരുന്ന പരിശോധന തുടരുമെന്നും മാര്‍ച്ച് 31നുള്ളില്‍ എല്ലാ ബോട്ടുകളും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് പൂര്‍ണ്ണമായും സജ്ജമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി നൈനാന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K