03 February, 2020 09:18:13 PM


കെട്ടിടനികുതി: നോട്ടീസ് നൽകിയ വനിതാ വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണി



വൈക്കം: സർക്കാരിലേക്ക് അടക്കേണ്ട കെട്ടിടനികുതി അടക്കുന്നതിന് നിയമാനുസൃത നോട്ടീസ് നൽകിയ വനിതാ വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും സിപിഎം പ്രാദേശികനേതാവിന്‍റെ ഭീഷണി. തന്നെയും വില്ലേജ് ഓഫീസിലെ വനിതകൾ അടക്കമുള്ള ജീവനക്കാരെയും ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.സുജിനെതിരെ വൈക്കം വില്ലേജ് ഓഫീസര്‍ പ്രീതി പ്രഹ്ലാദ് പരാതി നല്‍കി. പുതിയ ടൌണ്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഒറ്റതവണ കെട്ടിട നികുതി അടയ്ക്കുന്നതിന് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെത്തി നികുതി അടച്ചശേഷം തങ്ങളെ ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നു എന്ന് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തുന്നു.


സംഭവത്തില്‍ പ്രതിഷേധിച്ച് ജോയിന്‍റ് കൗൺസിൽ  വൈക്കം മേഖലാ കമ്മറ്റിയുടെയും കെആര്‍ഡിഎസ്എ വൈക്കം താലൂക്ക് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. അക്രമിക്കെതിരായ നിയമ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പട്ടു. ജോയിന്‍റ് കൗൺസിൽ മേഖലാ പ്രസിഡന്‍റ് കെ. വി. ഉദയന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മറ്റി അംഗം എസ്. പി. സുമോദ് ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ. പി. ദേവസ്യ, മേഖലാ സെക്രട്ടറി എൻ. സുദേവൻ, കെആര്‍ഡിഎസ്എ  താലൂക്ക് പ്രസിഡന്‍റ് പി. ബി. സാജൻ, സെക്രട്ടറി പി. ആർ. ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K