05 February, 2020 09:05:11 PM


തിരുവാഭരണം അയ്യപ്പന്‍റേത്; കോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും - മന്ത്രി




തിരുവനന്തപുരം: സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണത്തിന്റെ സുരക്ഷയാണ് പ്രധാനം. സുപ്രീം കോടതിയ്‌ക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കില്‍ പൂര്‍ണ സുരക്ഷ നല്‍കും. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്ത് വന്നിരുന്നു.


തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോ എന്നത് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. തിരുവാഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണെന്നും ഇതില്‍ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോ എന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു.


പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭരണങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞു. ശബരിമലയില്‍ പുതിയ ഭരണ സംവിധാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിര്‍മാണം നടത്താന്‍ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.


തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുവിഭാഗങ്ങളേയും കോടതി വിമര്‍ശിച്ചു. പന്തളം രാജകുടുംബാംഗമായ രവിവര്‍മ്മ ക്ഷേത്ര ഭരണകാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിലെ കൊട്ടാരം നിര്‍വ്വാഹ സമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണങ്ങളും മറ്റ് കാര്യങ്ങളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K